കൊടുങ്ങല്ലൂർ : ടി.കെ.എസ് പുരത്തെ നഗരസഭാ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ പരിതാപകരമായ അവസ്ഥയിൽ പ്രതിഷേധവുമായി ഏക കോൺഗ്രസ് കൗൺസിലർ വി.എം. ജോണി മാലിന്യം നിറച്ചെത്തിയ വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധം അറിയിച്ചു. പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് പ്ലാന്റ് ഉപരോധിക്കുമെന്നും ഒരു വാഹനവും പ്ലാന്റിലേക്ക് കടത്തിവിടില്ലെന്നും മുന്നറിയിപ്പും നൽകി. പ്ലാന്റിൽ ഫയർ ഹൈഡ്രന്റ് ഉൾപ്പടെയുള്ള സൗകര്യങ്ങളേർപ്പെടുത്തണമെന്നും കാട് വെട്ടിത്തെളിച്ച് സി.സി.ടി.വി നിരീക്ഷണത്തോടെ സ്റ്റേഡിയം തുറന്ന് കൊടുക്കണമെന്നും വി.എം. ജോണി ആവശ്യപ്പെട്ടു. പരിസരവും മറ്റും മാലിന്യം മാറ്റി പ്ലാന്റ് വൃത്തിയാക്കുക, പൊട്ടിപ്പൊളിഞ്ഞ റോഡ് റീ ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
പുറത്തുനിന്നുള്ള മാലിന്യങ്ങളും
ഹരിത കർമ്മ സേന ശേഖരിച്ച ടൺ കണക്കിന് മാലിന്യങ്ങൾ നിറഞ്ഞ പ്ലാന്റിലേക്ക് മാർക്കറ്റിൽ നിന്നും മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള മാലിന്യങ്ങളും എത്തിക്കുന്നുണ്ട്. തീപിടിത്തമോ മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഫയർ എൻജിൻ അടക്കമുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാനുള്ള റോഡ് സൗകര്യം പോലും ഇവിടില്ല. തൊട്ടരികിലുള്ള സ്റ്റേഡിയം കുട്ടികൾക്ക് കളിക്കാൻ പോലും പറ്റാത്ത വിധം കാട് കയറിയിരിക്കുകയാണ്.