വടക്കാഞ്ചേരി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിലെ ബോർഡുകൾ നീക്കാൻ നഗരസഭ നെട്ടോട്ടമോടുമ്പോൾ പാതയോരത്ത് അപകടകരമായ രീതിയിൽ ബോർഡ് സ്ഥാപിച്ച് വടക്കാഞ്ചേരി നഗരസഭ. ഇതുമൂലം കാൽനടയാത്രികരുടെ തലയിൽ ബോർഡിടിക്കുകയും പരുക്കേൽക്കുകയും പതിവാണ്. ഇതിനോടകം 20 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ചാലിപ്പാടം റോഡിലാണ് തൊട്ടടുത്ത് പൊതുശൗചാലയമുണ്ടെന്ന മുന്നറിയിപ്പ് ബോർഡ് ഒരു മാനദണ്ഡവും പാലിക്കാതെ സ്ഥാപിച്ചിട്ടുള്ളത്. അഞ്ചര അടി ഉയരം മാത്രമാണ് ബോർഡിനുള്ളത്. അടിയന്തരമായി ബോർഡ്‌നീക്കം ചെയ്യുകയോ ഉയരം വർദ്ധിപ്പിക്കുകയോ ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.