കുന്നംകുളം: താലൂക്ക് ആശുപത്രി മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമാണത്തിന്റെ ആദ്യഘട്ടം മെയ് മാസത്തോടെ പൂർത്തിയാക്കും. എ.സി. മൊയ്തീൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. കിഫ്ബി ഫണ്ടിൽ നിന്നും 76.50 കോടി രൂപ വിനിയോഗിച്ചാണ് താലൂക്ക് ആശുപത്രി മൾട്ടി സ്‌പേഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയർത്തുന്നത്. ലോവർ ഗ്രൗണ്ട് ഉൾപ്പെടെ ഏഴു നിലകളിലായി 145032 സ്‌ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിക്കുന്നത്. 22 ഐ.സി.യു ബെഡ് ഉൾപ്പെടെ ആകെ 112 ബെഡുകളാണ് സജ്ജീകരിക്കുന്നത്. 1.35 ലക്ഷം ലിറ്റർ കപ്പാസിറ്റിയുള്ള മഴവെള്ള സംഭരണിയും 100 കെ.എൽ. ഡി ശേഷിയുള്ള എസ്.ടി.പിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കുന്നംകുളം നഗരസഭ ചെയർപേഴ്‌സൺ സീതാരവീന്ദ്രൻ, എ.വി മണികണ്ഠൻ,ആർ. തമ്പി, ദേവ ആനന്ദ്, അനുഷ്‌മോൻ, ബബിത രാജ് എന്നിവർ യോഗത്തിൽ സന്നിഹിതരായി. അടുത്തമാസം 2ന് നിർമ്മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി വീണ്ടും യോഗം ചേരും.
ആധുനിക നിലവാരത്തിൽ
ലോവർ ഗ്രൗണ്ട് നിലയിൽ സ്റ്റോർ, സർവീസ്, മോർച്ചറി ഫയർ പമ്പ് റൂം, ഇലക്ട്രിക്കൽ സബ് സ്റ്റേഷൻ, ഗ്രൗണ്ട് ഫ്‌ളോറിൽ റിസപ്ഷൻ, കാഷ്വാലിറ്റി, എക്‌സ്‌റേ, സി.ടി അൾട്രാസൗണ്ട്, മാമോഗ്രാം. ഒന്നാം നിലയിൽ ഔട്ട് പേഷ്യന്റ് വിഭാഗത്തിനായി 10 കൺസൾട്ടേഷൻ റൂമുകളും. രണ്ടാം നിലയിൽ 60 വാർഡ് ബെഡുകളും നാല് ഐസൊലേഷൻ റൂമുകളും മൂന്നാം നിലയിൽ 12 ഐ.സി.യു ബെഡുകളും എട്ട് ഐസൊലേഷൻ റൂമുകളും 30 വാർഡ് ബെഡുകളും. നാലാം നിലയിൽ നാലു ഓപ്പറേഷൻ തിയേറ്ററുകളും ഐ.സി.യു സൗകര്യത്തോടെയുള്ള പ്രേപ്പ്, പോസ്റ്റ് ഒ.പി റിക്കവറി ബെഡുകളും. അഞ്ചാം നിലയിലാൽ എച്ച്.വി.എ.സി, സി.എസ്.എസ്.ഡി സേവനങ്ങൾ.