
തൃശൂർ: മാലിന്യമുക്ത നവകേരള പദ്ധതിയും സീറോ വേസ്റ്റ് കോർപ്പറേഷൻ പദ്ധതിയും സംയോജിപ്പിച്ച് കോർപ്പറേഷൻ മാലിന്യ നിർമ്മാർജ്ജന രംഗത്ത് നടത്തുന്ന മുന്നേറ്റം മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് മന്ത്രി എം.ബി.രാജേഷ്. കോർപ്പറേഷന്റെ സി.എൻ.ജി പ്ലാന്റിന്റെ നിർമ്മാണോദ്ഘാടനവും കോർപ്പറേഷനിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് മൾട്ടി ലെവൽ കാർ പാർക്കിംഗിന്റെ സമർപ്പണവും നഗര സൗന്ദര്യവത്കരണം ഒന്നാംഘട്ടം പൂർത്തീകരിച്ചതിന്റെ പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
മാലിന്യമുക്ത നവകേരളത്തിന് സംസ്ഥാന സർക്കാരിന് മികച്ച സംഭാവന നൽകുന്നതിൽ ഒന്നാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനം തൃശൂർ കോർപ്പറേഷനാണെന്നും മന്ത്രി പറഞ്ഞു. മേയർ എം.കെ.വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗ്ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മ റോബ്‌സൺ, കരോളിൻ പെരിഞ്ചേരി, ശ്യാമള മുരളീധരൻ, ജയപ്രകാശ് പൂവ്വത്തിങ്കൽ, മുകേഷ് കൂളപ്പറമ്പിൽ ഡിവിഷൻ കൗൺസിലർമാരായ സിന്ധു ആന്റോ ചാക്കോള, പൂർണ്ണിമ സുരേഷ്, കൗൺസിലർമാർ, ശുചിത്വമിഷൻ ജില്ലാ കോർഡിനേറ്റർ കെ.കെ.മനോജ്, കോർപ്പറേഷൻ സെക്രട്ടറി വി.പി.ഷിബു, സൂപ്രണ്ടിംഗ് എൻജിനീയർ പി.ആർ.ശ്രീലത, ക്ലീൻ സിറ്റി മാനേജർ തുടങ്ങിയവർ സന്നിഹിതരായി.