kada

തൃശൂർ: ജീർണവസ്ഥയിലായ വേലൂരിലെ അർണോസ് സ്മാരകങ്ങൾ സത്വരമായി പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ട് അർണോസ് പാതിരി അക്കാഡമി ഭാരവാഹികൾ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന് രാമനിലയത്തിൽ വച്ച് നിവേദനം നൽകി. ഒരു സർക്കാർ സംരക്ഷിത സ്മാരകമായ അർണോസ് വസതിയിൽ ഭയപ്പാടുകൂടാതെ ഒരാൾക്കും പ്രവേശിക്കുവാൻ കഴിയാത്ത ഭയാനകമായ ഒരവസ്ഥയിലാണ് പാതിരിയുടെ വസതി ഇപ്പോൾ നിലകൊള്ളുന്നതെന്ന് അർണോസ് പാതിരി അക്കാഡമി ഡയറക്ടർ ഫാ. ഡോ. ജോർജ് തേനാടിക്കുളം മന്ത്രിയോട് പറഞ്ഞു. കോൺട്രാക്ടർമാർക്ക് ആകർഷകമായ വിധം പുനഃരുദ്ധാരണത്തിന് അനുവദിച്ച തുക വർദ്ധിപ്പിക്കണമെന്ന് അർണോസ് അക്കാഡമി ഭാരവാഹികൾ മന്ത്രിയോട് ആവശ്യപ്പെട്ടു.

1995ൽ സംസ്ഥാന ഗവൺമെന്റ് അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച അർണോസ് പാതിരിയുടെ പൂർണകായ വെങ്കലപ്രതിമ സർക്കാർ നിർദ്ദേശിച്ച സ്ഥലത്ത് സ്ഥാപിക്കാതെ നീട്ടിക്കൊണ്ട് പോകുന്നത് കേരളത്തിന് ആകമാനം അപമാനകരമാണെന്ന് നിവേദക സംഘം പരാതിപ്പെട്ടു. മന്ത്രി വളരെ അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞതെന്ന് ഫാ. ജോർജ് തേനാടിക്കുളം അറിയിച്ചു. നിവേദകസംഘത്തിൽ സി.ആർ.വത്സൻ, പ്രൊഫ. ജോർജ് അലക്‌സ്, ജോൺ കള്ളിയത്ത്, ബേബി മൂക്കൻ, പി.എം.എം.ഷെറീഫ്, ഡേവീസ് കണ്ണംമ്പുഴ എന്നിവരും ഉണ്ടായിരുന്നു.