
തൃശൂർ: രണ്ട് വർഷത്തെ അടച്ചിടലിനുശേഷം ചരിത്രാന്വേഷികൾക്ക് കൗതുകം പകരുന്ന കാഴ്ചകളോടെ ശക്തൻ കൊട്ടാരം തുറന്നു. ക്രിസ്മസ് അവധിക്കാലത്ത് സൗജന്യമായി കാഴ്ചകൾ കാണാം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയാണ് ശക്തൻ കൊട്ടാരം നവീകരിച്ചത്. തനിമ നഷ്ടപ്പെടാതെയാണ് നിർമ്മാണം. ആദ്യകാലത്ത് കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്ന പല്ലക്ക്, ആട്ടുകട്ടിൽ, കൊച്ചി രാജവംശംത്തിന്റെ അവസാനത്തെയാളായ രാമവർമ്മ പരിഷത്ത് രാജാവിന്റെ തലപ്പാവ്, തൂക്കുവിളക്ക് തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
രാജാക്കന്മാരായ രാമവർമ്മ, കേരള വർമ്മ, രവി വർമ്മ, ദിവാൻജിമാരായ സുബ്രഹ്മണ്യൻ പിള്ള, ആർ.കെ.ഷൺമുഖ ചെട്ടിയാർ, തിരു വെങ്കിടാചാര്യ എന്നിവരുടെ ഛായാചിത്രങ്ങളുമുണ്ട്. ആയിരത്തിലധികം പ്രദർശന വസ്തുക്കളാണ് ഒരുക്കിയത്. 14 ഗ്യാലറികളിലായി തീമാറ്റിക് മ്യൂസിയം എന്ന സങ്കൽപ്പത്തിലാണ് സജ്ജീകരണം. വെങ്കല ശിൽപ്പങ്ങൾ, വീരക്കല്ലുകൾ, പാരമ്പര്യ അടുക്കള മാതൃക, കോട്ടയത്തെ രാമപുരത്ത് നിന്ന് ലഭിച്ച ബുദ്ധപ്രതിമ, ആയിരം വർഷം പഴക്കമുള്ള ശിലാലിഖിതങ്ങൾ തുടങ്ങി ഒട്ടേറെ കാഴ്ച്ചകളാണ് ഒരുക്കിയിരിക്കുന്നത്. 80 ശതമാനം തുക കേന്ദ്ര സർക്കാരും 20 ശതമാനം തുക സംസ്ഥാന സർക്കാരുമാണ് വഹിച്ചിരിക്കുന്നത്. 2.70 കോടിയാണ് പദ്ധതി തുക. ഉദ്ഘാടനം കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. കടന്നപ്പിള്ളി രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് എന്നിവർ മുഖ്യാതിഥികളായി. ഡെപൂട്ടി മേയർ എം.എൽ.റോസി, പുരാവസ്തു ഡയറക്ടർ ഇ.ദിനേശൻ, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻപിള്ള, ക്യുറേറ്റർ ആതിര ആർ.പിള്ള, സി.ആർ.വത്സൻ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ഷൈജു ബഷീർ എന്നിവർ സംസാരിച്ചു. ബാംബൂ ബാൻഡായ വയലി ഫോക് ഗ്രൂപ്പ് മുളസംഗീതം അവതരിപ്പിച്ചു.
ജനുവരി ഏഴ് വരെ സൗജന്യപ്രവേശനം
ഇന്നലെ നവീകരണ ഉദ്ഘാടനം കഴിഞ്ഞ ശേഷം മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുത്തു. ഇന്ന് മുതൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവേശനം. ഉദ്ഘാടനത്തിന്റെ ഭാഗമായി ജനുവരി ഏഴ് വരെ പ്രവേശനം സൗജന്യമായിരിക്കുമെന്ന് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രൻ അറിയിച്ചു.
പ്രവേശന ഫീസ്
മുതിർന്നവർക്ക് 35 രൂപ
കുട്ടികൾക്ക് 10 രൂപ
മൊബെെൽ ക്യാമറ ഉപയോഗത്തിന് 10 രൂപ
കേവലം സന്ദർശനത്തിനുള്ള ഇടങ്ങളിൽ നിന്നും പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സത്യസന്ധമായ കഥകൾ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം.
രാമചന്ദ്രൻ കടന്നപ്പള്ളി
മന്ത്രി