pooram
1

തൃശൂർ : ആനയെഴുന്നള്ളിപ്പ് പ്രതിസന്ധിയിൽ സുപ്രീം കോടതി വിധി ആശ്വാസമായതിനിടെ, പൂരം പ്രദർശനത്തിന്റെ തറവാടക ' കുടിശികയിനത്തിൽ' 3.68 കോടി ആവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ്. 3.68 കോടി ലഭിക്കാനുണ്ടെന്നും എത്രയും പെട്ടെന്ന് തുക അടയ്ക്കണമെന്നുമുള്ള നോട്ടീസാണ് ദേവസ്വം ബോർഡ് പൂരം പ്രദർശന കമ്മിറ്റിക്കും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾക്കും നൽകിയത്.
ഇതോടെ, കഴിഞ്ഞ രണ്ടുവർഷങ്ങളിൽ പൂരത്തിന് പ്രതിസന്ധി സൃഷ്ടിച്ച എക്‌സിബിഷൻ തറവാടകപ്രശ്‌നം ഇത്തവണയും ഉടലെടുക്കുമെന്ന് ഏതാണ്ട് ഉറപ്പായി. കഴിഞ്ഞതവണ ദേവസ്വം ബോർഡ് തറവാടക വിഷയം ഉയർത്തിക്കാട്ടി ഉടക്കിട്ടപ്പോൾ പ്രദർശന കമ്മിറ്റി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പിലെത്തി. എന്നാൽ അതിന് വിരുദ്ധമായാണ് ഇപ്പോൾ കുടിശിക കണക്കുമായി രംഗത്തെത്തിയതെന്ന് ദേവസ്വങ്ങൾ ആരോപിക്കുന്നു.
മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തുതീർപ്പിന് വിരുദ്ധമാണ് ഇത്. കൊച്ചിൻ ദേവസ്വം ബോർഡ് കോടതിയിലാണ് ഈ കുടിശിക കണക്ക് അവതരിപ്പിച്ചത്. ദേവസ്വം ബോർഡ് ആവശ്യപ്പെടുന്ന ഒരു വർഷത്തെ വാടക നൽകി പൂരം നടത്തിപ്പ് അസാദ്ധ്യമാണെന്നാണ് സംഘാടകർ മുമ്പ് പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. പൂരം എക്‌സിബിഷന്റെ ജോലികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി തൃശൂർ പൂരം എക്‌സിബിഷൻ കമ്മിറ്റി തേക്കിൻകാട്ടിലെ സ്ഥലം വിട്ടുനൽകാനായി കൊച്ചിൻ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ഈ കത്ത് അധികൃതർ ഹൈക്കോടതിയിൽ സമർപ്പിച്ചു. ഇതിനോടൊപ്പമാണ് കുടിശിക കണക്കാക്കിയുള്ള കത്ത് ചേർത്തത്. എക്‌സിബിഷനിലൂടെ ലഭിക്കുന്ന പണം കൊണ്ടാണ് തൃശൂർ പൂരം നടത്തുന്നതെന്നാണ് സംഘാടകർ പറയുന്നത്.

ജി.എസ്.ടി അടക്കം നൽകണമെന്ന്

2023ലെ 1.39 കോടി വാടകയും അതിന്റെ ജി.എസ്.ടിയും അടയ്ക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നു. 2024ലെ കുടിശിക വാടകയായ 1.59 കോടിയും ഇതിന്റെ ജി.എസ്.ടിയും വേണമെന്നും പറയുന്നു. ഇവയെല്ലാം ഉൾപ്പെടെ 3.68 കോടി കുടിശികയുണ്ടെന്നാണ് കത്തിൽ പറയുന്നത്. 2023ൽ 1.82 കോടിയാണ് കൊച്ചിൻ ദേവസ്വം ബോർഡ് വാടകയായി നിശ്ചയിച്ചിരുന്നത്. 2024ൽ പത്ത് ശതമാനം വർദ്ധനയോടെ 2.01 കോടിയായി ഉയർത്തി. ഇത്തവണയും ഈ രീതിയിലുള്ള വാടക വർദ്ധനയുണ്ടാകും. കുടിശികയ്ക്ക് പുറമേ ഇതും നൽകേണ്ടിവരും. ജനുവരിയിൽ പൂരം എക്‌സിബിഷന്റെ ടെൻഡർ ജോലികൾ ആരംഭിക്കാനിരിക്കേയാണ് വാടകപ്രശ്‌നം ഉയർന്നത്.