flu
ടി.എ. ശിവദാസ്

തൃശൂർ: പന്ത്രണ്ട് വയസ് മുതൽ പുല്ലാങ്കുഴൽ വായിച്ചുതുടങ്ങിയതാണ് ശിവദാസ്. ഇപ്പോൾ കാൽനൂറ്റാണ്ടായി സുഷിരവാദ്യത്തിന്റെ സംഗീത മർമ്മമറിഞ്ഞ് നിർമ്മാണം നടത്തുന്നു. നിലമ്പൂർ കാട്ടിലെ പ്രത്യേകതരം ഈറ്റയിലും ആസാം ബാംബുവിലുമുണ്ടാക്കിയ കുന്നംകുളം തെക്കേപ്പുറം ടി.എ.ശിവദാസിന്റെ പുല്ലാങ്കുഴലുകൾ അമേരിക്കയിലും ഇംഗ്ലണ്ടിലും സിംഗപ്പൂരിലും മലേഷ്യയിലും വരെ ഹിറ്റാണ്. ഹരിപ്രസാദ് ചൗരസ്യയ്ക്ക് പാലക്കാട്ട് നടന്ന സംഗീതപരിപാടിയിൽ വച്ചും ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റോണോ മജുംദാറിന് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരവും പുല്ലാങ്കുഴൽ സമ്മാനിച്ചു. പുല്ലാങ്കുഴലുണ്ടാക്കാൻ പറ്റിയ ഈറ്റ കണ്ടെത്തുന്നതിലും ആ വൈദഗ്ദ്ധ്യം സൂക്ഷിക്കുന്നു.

കേരള വനഗവേഷണ സ്ഥാപനത്തിന്റെ ധനസഹായത്തോടെ പുല്ലാങ്കുഴലിന് പറ്റിയ ഈറ്റകളെപ്പറ്റി ഗവേഷണവും നടത്തി. പുല്ലാങ്കുഴൽ വിദഗ്ദ്ധൻ ഡോ.എൻ.രമണിയുടെ ശിഷ്യനായ ശിവദാസൻ അദ്ദേഹത്തോടൊപ്പം കച്ചേരിയിലും പങ്കെടുത്തിട്ടുണ്ട്. രമണിയുടെ ശിഷ്യരും അദ്ദേഹവും പലപ്പോഴും ഉപയോഗിക്കുന്നത് ശിവദാസ് നിർമ്മിച്ച പുല്ലാങ്കുഴലുകളാണ്.

പുല്ലാങ്കുഴലുണ്ടാക്കാൻ കൂടുതൽ യോജിച്ച ഈറ്റ കേരളത്തിന്റെ പശ്ചിമഘട്ടത്തിലുണ്ട്. നിലമ്പൂർ നാടുകാണിയിലുള്ള 'ഒക് ലാൻഡ്ര ട്രാവൻകൂറിക്ക' ഇതിൽ പ്രധാനമാണ്. കൂടുതൽ ഫൈബറുള്ളതിനാൽ സ്വരമാധുരിയും ഉച്ചസ്വരവും കിട്ടും. ഉത്തരേന്ത്യയിൽ പുല്ലാങ്കുഴലുണ്ടാക്കാൻ കൂടുതലുപയോഗിക്കുന്ന ആസാം ബാംബുവിലും ശിവദാസ് പുല്ലാങ്കുഴൽ നിർമ്മിക്കാറുണ്ട്.
വിദേശത്തുൾപ്പെടെ നിരവധി പരിപാടികളവതിരിപ്പിച്ചിട്ടുള്ള ശിവദാസ് കുന്നംകുളം ചിത്രാംബരി സംഗീത, നൃത്ത വിദ്യാലയം ഡയറക്ടറാണ്. ചിറളയം ബാലകൃഷ്ണൻ മാസ്റ്റർ, തൃശൂർ ആർ.വൈദ്യനാഥ ഭാഗവതർ, അരികന്നിയൂർ കൃഷ്ണൻകുട്ടി ഭാഗവതർ എന്നിവരും ഗുരുക്കന്മാരാണ്. ഉഷയാണ് ഭാര്യ. മക്കൾ: ശ്രീലക്ഷ്മി, ശ്രീരാജ്.

ബാൻസുരിയും വേണുവും

ഹിന്ദുസ്ഥാനിയിൽ ബാൻസുരിയെന്നും കർണാടികിൽ വേണുവെന്നും അറിയപ്പെടുന്ന പുല്ലാങ്കുഴലിൽ സുഷിരങ്ങളുടെ എണ്ണത്തിലും കാര്യമായ വ്യത്യാസമുണ്ട്. നാല് കൊല്ലമെങ്കിലും വളർച്ചയെത്തിയ വളവില്ലാത്ത, ഭംഗിയുള്ള ഈറ്റ തെരഞ്ഞെടുക്കും. ഈറ്റയിലെ മധുരരസം ഇല്ലാതാക്കാൻ, യോജിച്ച ഭാഗം കഷണങ്ങളാക്കി വെയിലത്തുണക്കി, തിളച്ച വെള്ളത്തിൽ പുഴുങ്ങിയെടുക്കണം. രാസപദാർത്ഥമുപയോഗിച്ചും പാകപ്പെടുത്താം. ജലാംശം പൂർണ്ണമായും വറ്റിച്ച് ചൂടുള്ള എണ്ണ പുരട്ടി ചൂളയിൽ കാച്ചിയെടുക്കും. പിന്നീട് തുളകളിട്ട് ശ്രുതി ചേർക്കും. ഒരെണ്ണമുണ്ടാക്കാൻ ശരാശരി മൂന്ന് ദിവസമെടുക്കും. ഹിന്ദുസ്ഥാനി ഫ്‌ളൂട്ടിന് ഉത്തരേന്ത്യയിൽ 15,000 രൂപ വരെ വിലയുണ്ട്.

നിലമ്പൂരിലെ ഷൈസോസ്റ്റാക്യം ഈറ്റ ഹിന്ദുസ്ഥാനി സംഗീതത്തിന് പറ്റിയ ഫ്‌ളൂട്ടുണ്ടാക്കാൻ കൂടുതൽ യോജിച്ചതാണ്.


ടി.എ.ശിവദാസ്‌