വടക്കാഞ്ചേരി: സർക്കാർ ജീവനക്കാരായ ദമ്പതികൾ സ്വത്തുക്കൾ മുഴുവൻ പെൻഷൻ സംഘടനയ്ക്ക് ദാനമായി നൽകി. തെക്കുംകര പഞ്ചായത്തിലെ കരുമത്ര പെട്രോൾപമ്പിന് സമീപം താമസിച്ചിരുന്ന മുല്ലക്കൽ വീട്ടിൽ പത്മനാഭൻ, വിലാസിനി (മത്തമ്മ) ദമ്പതികളാണ് 7 സെന്റ് ഭൂമിയും കോൺക്രീറ്റ് വീടും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തെക്കുംകര യൂണിറ്റിന് കൈമാറിയത്. വൈദ്യുതി വകുപ്പ് ജീവനക്കാരനായിരുന്ന പത്മനാഭൻ 2004ൽ മരിച്ചു. റവന്യു വകുപ്പിൽ നിന്ന് സൂപ്രണ്ടായി വിരമിച്ച വിലാസിനി കഴിഞ്ഞ വർഷമാണ് മരിച്ചത്. ഇതിനിടയിൽ സ്വത്ത് കെ.എസ്.എസ്.പി.യുവിന് കൈമാറുന്നതിനുള്ള വിൽപ്പത്രം എഴുതിവയ്ക്കുകയും ഭാരവാഹികൾക്ക് കൈമാറുകയും ചെയ്തിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി സംഘടന ഏറ്റെടുത്ത സ്ഥലം ഇരുവരുടേയും സ്മാരകമാക്കി മുല്ലക്കൽ മത്തമ്മ ഭവനമെന്ന് പേരിട്ടു. ഇന്ന് രാവിലെ 11ന് സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി. ജോസ് ഉദ്ഘാടനം ചെയ്യും.