
തിരുവനന്തപുരം/ തൃശൂർ: ഉന്നതവിദ്യാഭ്യാസത്തിനുള്ള കേന്ദ്രപദ്ധതിയായ പി.എം-ഉഷയിൽ (പ്രധാനമന്ത്രി ഉച്ചതാർ സർവശിക്ഷാ അഭിയാൻ) കേരളത്തിലെ നാല് യൂണിവേഴ്സിറ്റികൾക്കും പതിനൊന്നു കോളേജുകൾക്കുമായി 405 കോടി അനുവദിച്ചു. 60% കേന്ദ്രം തരും. 40% സംസ്ഥാനവിഹിതമാണ്.
കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്ക് 100 കോടി വീതം ലഭിക്കും. എം.ജിയ്ക്ക് 20 കോടിയും 11 കോളേജുകൾക്ക് 5 കോടി വീതവും ലഭിക്കും. ആദ്യമായാണ് കേരളത്തിന് ഇത്രയും തുക ലഭിക്കുന്നത്. ഒൻപത് സർവകലാശാലകൾക്ക് 100 കോടി വീതം അനുവദിച്ചപ്പോൾ കേരളത്തിലെ മൂന്നു സർവകലാശാലകളാണ് അർഹമായത്.
അടിസ്ഥാന സൗകര്യ വികസനം, അദ്ധ്യാപകരുടെ പരിശീലനം, ഗുണനിലവാരം ഉയർത്തൽ, ഗവേഷണം എന്നിവയടക്കം അമ്പതിലേറെ ഇനങ്ങളിൽ പണമുപയോഗിക്കാം. തുല്യത പ്രോത്സാഹിപ്പിക്കുന്നതിന് പാലക്കാട്,തൃശൂർ,വയനാട് ജില്ലകൾക്ക് 10 കോടി വീതവും ലഭിക്കും.
ദേശീയവിദ്യാഭ്യാസനയം അംഗീകരിച്ചും നടപ്പാക്കാമെന്ന് ഉറപ്പുനൽകിയും കേരളം സത്യവാങ്മൂലം നൽകിയതോടെയാണ് പദ്ധതികൾ അപ്‌ലോഡ് ചെയ്യാൻ പോർട്ടൽ തുറന്നുനൽകിയത്. ഗവർണറും കേന്ദ്രമന്ത്രി സുരേഷ്ഗോപിയും ഫണ്ട് അനുവദിക്കാൻ ഇടപെട്ടു.
അഞ്ചു കോടി കിട്ടുന്ന
കോളേജുകൾ
ആലപ്പുഴ എസ്.ഡി,
മാറമ്പള്ളി എം.ഇ.എസ്,
കളമശ്ശേരി സെന്റ് പോൾസ്,
മൂലമറ്റം സെന്റ് ജോസഫ്‌സ്,
ഉദുമ ഗവ. ആർട്‌സ് ആൻഡ് സയൻസ്,
കൊല്ലം ഫാത്തിമ മാതാ,
കോഴിക്കോട് സാമൂതിരീസ് ,
മണ്ണാർക്കാട് കല്ലടി എം.ഇ.എസ്,
പത്തനംതിട്ട കാതോലിക്കേറ്റ്,
എൽത്തുരുത്ത് സെന്റ് അലോഷ്യസ്,
മുട്ടിൽ ഡബ്ല്യു.എം.ഒ ആർട്ട്‌സ് ആൻഡ് സയൻസ്.
`ഗവേഷണവും വൈവിദ്ധ്യമാർന്ന വിദ്യാഭ്യാസ പദ്ധതികളും പ്രോത്സാഹിപ്പിക്കാനാണ് പണം ചെലവിടുക. ഉന്നത വിദ്യാഭ്യാസ മേഖലയുടെ മികവ് വർദ്ധിപ്പിക്കാനും തൊഴിലവസരം സൃഷ്ടിക്കാനും ഇത് സഹായിക്കും.'
-ഡോ.ആർ ബിന്ദു, മന്ത്രി
(തൃശൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്)
12926.10കോടി:
പി.എം-ഉഷയിലൂടെ മൂന്നു
വർഷത്തേക്ക് കേന്ദ്രം ചെലവിടുന്നത്