binoy-viswam

തൃശൂർ: ന്യൂനപക്ഷങ്ങളെയും ദളിതരെയും വെറുക്കുന്ന പാർട്ടിയാണ് ബി.ജെ.പിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അഖിലേന്ത്യ ദളിത് അവകാശ സമിതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അംബേദ്കറുണ്ടാക്കിയ ഭരണഘടന തെറ്റാണെന്ന് പറയുന്ന പാർട്ടിയാണ് ബി.ജെ.പി. നുണ പ്രചരണമാണ് ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത്. മനുഷ്യന്റെ വിലയേക്കാൾ വിലയിപ്പോൾ പശുവിന്റെ വാലിനായി മാറി. ദളിതരെ അടിമകളായി കാണുന്ന ബി.ജെ.പിയുടെ നിലപാടിനെതിരെ ഏതറ്റം വരെ പൊരുതാനും കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയും.
കേരളത്തിൽ ഇടത് സർക്കാരാണ് ഭരിക്കുന്നതെങ്കിലും തെറ്റുകൾ ചൂണ്ടിക്കാണിക്കും. അത് സർക്കാരിനെ ശക്തിപ്പെടുത്താനാണ്, ദുർബലപ്പെടുത്താനല്ല. വിമർശനമുണ്ടായാൽ മാത്രമേ യഥാർത്ഥ ഇടതുപക്ഷ സർക്കാരായി നിലനിറുത്താനാകൂവെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

സമിതി അഖിലേന്ത്യാ പ്രസിഡന്റ് എ.രാമമൂർത്തി, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, പി.ബാലചന്ദ്രൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, നേതാക്കളായ കെ.പി.രാജേന്ദ്രൻ, സി.എൻ.ജയദേവൻ, സമിതി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.അജിത്, അഖിലേന്ത്യ സെക്രട്ടറി ഡോ.മഹേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. സമ്മേളനം ഇന്ന് സമാപിക്കും.