തൃശൂർ : കൊച്ചിൻ ദേവസ്വം ബോർഡിൽ റഫറണ്ടത്തിന് ഒരുക്കം നടക്കവേ, യൂണിയനുകളിൽ അസംതൃപ്തരായവർ ചേർന്ന് സ്വതന്ത്ര യൂണിയന് രൂപം നൽകുന്നു. ഇടതുപക്ഷ യൂണിയനിൽ സജീവമായി പ്രവർത്തിച്ചിരുന്നവരുടെ നേതൃത്വത്തിലാണ് നീക്കം. ഈ സംഘടനയിൽ ഇതിനകം മറ്റ് യൂണിയനുകളിൽ നിന്നുള്ളവരും അംഗത്വമെടുക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. അമ്പതോളം പേർ സംഘടനയിൽ ചേർന്നേക്കും. എറണാകുളം കേന്ദ്രീകരിച്ചുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശേഷം ആസ്ഥാനമായ തൃശൂരിൽ കൺവെൻഷൻ ചേരും. കഴിഞ്ഞ റഫറണ്ടത്തിൽ അംഗീകാരം നേടിയ സി.പി.എം നേതൃത്വം നൽകുന്ന കൊച്ചിൻ ദേവസ്വം എപ്ലോയീസ് ഓർഗനൈസേഷൻ , കോൺഗ്രസ് അനുകൂല സംഘടനയായ കൊച്ചിൻ ദേവസ്വം എപ്ലോയീസ് കോൺഗ്രസ്, ബി.എം.എസ് നേതൃത്വം നൽകുന്ന കാർമിക് സംഘ്, സി.പി.ഐയുടെ കൊച്ചിൻ ദേവസ്വം എപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളാണ് നിലവിലുള്ളത്.
കഴിഞ്ഞ റഫറണ്ട സമയത്തുണ്ടായിരുന്ന സ്വതന്ത്ര യൂണിയൻ നിർജ്ജീവമായിരുന്നു. തുടർന്നാണ് രാഷ്ട്രീയമില്ലെന്ന് പറഞ്ഞ് സ്വതന്ത്ര സംഘടനയും രംഗത്തെത്തിയത്. ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണെന്നും അപൂർവം ചിലർ മാത്രമാണ് പുതിയ സംഘടനയിൽ പ്രവർത്തിക്കുന്നതെന്നുമാണ് യൂണിയൻ നേതാക്കൾ പറയുന്നത്. കഴിഞ്ഞ റഫറണ്ടത്തിൽ മറ്റ് യൂണിയനുകൾ ഏറെ വോട്ട് നേടിയിരുന്നു. 1700 ഓളം സ്ഥിരം ജീവനക്കാരാണ് ബോർഡിലുള്ളത്.

ക്ഷേത്രം ജീവനക്കാരോട് ചിറ്റമ്മ നയമെന്ന്

ക്ഷേത്രങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിർണായകമായ ക്ഷേത്രം ജീവനക്കാരോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്ന ആക്ഷേപം വ്യാപകമാണ്. അംഗീകാരം ലഭിച്ച യൂണിയനുകൾക്ക് ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധയില്ല. ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിലും വേർതിരിവുണ്ടെന്നാണ് ആക്ഷേപം. എസ്റ്റാബ്‌ളിഷ്‌മെന്റ് ജീവനക്കാരേക്കാൾ സർവീസുള്ള ക്ഷേത്ര ജീവനക്കാർ വിരമിച്ചാൽ പരമാവധി ലഭിക്കുക നാലര ലക്ഷം രൂപയാണെങ്കിൽ മറ്റുള്ളവർക്ക് ലഭിക്കുന്നത് പത്തിരട്ടിയോളമാണ്. വിരമിച്ച എസ്റ്റാബ്‌ളിമെന്റ് ജീവനക്കാർ മരണപ്പെട്ടാൽ ഭാര്യക്ക് പെൻഷൻ ലഭിക്കും. എന്നാൽ ക്ഷേത്ര ജീവനക്കാർക്കില്ല. ഗ്രാറ്റുവിറ്റിയുടെ കാര്യത്തിലും മാസങ്ങളുടെ കാലതാമസമാണുള്ളത്. ഇതിനിടെ ഭണ്ഡാരം എണ്ണലുൾപ്പെടെയുള്ള മറ്റ് ജോലികളിലേക്ക് നിയോഗിക്കണമെന്നുള്ള ശമ്പള പരിഷ്‌കരണത്തിലെ നിർദ്ദേശത്തിനെതിരെയും ജീവനക്കാരിൽ വ്യാപക പ്രതിഷേധമുണ്ട്. ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ ഉൾപ്പെടെ രംഗത്തുണ്ട്.