photo

തൃശൂർ: വാഹനാപകടങ്ങളുടെ പേരിൽ സർക്കാർ സ്വീകരിക്കുന്ന ഏകപക്ഷീയ നടപടികളുടെ പേരിൽ സ്വകാര്യബസ് ഉടമകൾ സമരത്തിലേക്ക്. റോഡുകളുടെ അപകടാവസ്ഥ പരിഹരിക്കാതെ വിവിധ പേരുപറഞ്ഞ് വാഹനഉടമകളെ ഞെക്കിപ്പിഴിയാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നേതൃത്വം വിമർശിച്ചു. അപകടമുണ്ടായാൽ സ്വകാര്യബസ്‌പെർമിറ്റുകൾ 6 മാസത്തേക്കു സസ്‌പെൻഡ് ചെയ്യുമെന്ന പ്രഖ്യാപനം നിയമവിരുദ്ധമെന്ന് കേരള ബസ് ട്രാൻസ്‌പോർട് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്‌റ് ജോൺസൺ പടമാടനും ജോ.സെക്രട്ടറി വി.വി മുജിബ് റഹ്മാനും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എം.വി.ഐയുടെ റിപ്പോർട്ട്, എൻ.ഒ.സി, ചലാൻ പെൻഡിങ് എന്നിവ അടിച്ചേൽപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഗതാഗത മന്ത്രിയുടെ അനവസരത്തിലുള്ള പ്രസ്താവനകൾ പൊതുജനങ്ങളെ സർക്കാരിനെതിരേ തിരിച്ചുവിടാനാണ് ഇടയാക്കുക. ദേശീയ പെർമിറ്റ് നയമനുസരിച്ചുള്ള സംവിധാനം സംസ്ഥാനത്തും ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.
ബസുകളോടുള്ള ദ്രോഹനടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ നോക്കിയിരിക്കാനാകില്ല. സംസ്ഥാനത്ത് സ്വകാര്യബസുകളുടെ എണ്ണം 7000 ആയി ചുരുങ്ങി. ഈ മേഖലയിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതിനെ തുടർന്ന് പലരും ബസ് വ്യവസായത്തിൽ നിന്നു തലയൂരി. അതിനിടെയാണ് സർക്കാരിന്റെ ദ്രോഹനടപടികൾ ഉണ്ടാകുന്നതെന്നും വിമർശിച്ചു.