snuggy

ചാലക്കുടി: ചാലക്കുടിയിലെ ഇപ്പോഴത്തെ ചില കനാലുകളുടെ അവസ്ഥ കണ്ടാൽ ശുചിത്വ കേരളമെന്ന സർക്കാർ സന്ദേശമൊന്നും ചെവികൊള്ളാൻ ആളുകൾ തയ്യാറാകുന്നില്ലെന്ന് പറയേണ്ടിവരും. വേനൽക്കാലത്ത് ആദ്യമായി കഴിഞ്ഞ ദിവസം വെള്ളമെത്തിയ കൂടപ്പുഴ ബ്രാഞ്ച് കനാൽ നിറയെ കുട്ടികളുടെ ഡയപ്പറുകളായിരുന്നു, ഒപ്പം മറ്റു അവശിഷ്ടങ്ങളും. വീടുകളിൽ ഉപയോഗിച്ച ശേഷം സംസ്‌കരിക്കാതെ വച്ചിരിന്ന ഡയപ്പറുകൾ ഒന്നിച്ചാണ് ആരൊക്കയോ കനാലിലേയ്ക്ക് തള്ളിയത്. മലവും മൂത്രവും നിറഞ്ഞ നൂറുകണക്കിന് അവശിഷ്ട പാക്കറ്റുകൾ ശനിയാഴ്ച കനാലിലൂടെ ഒഴുകി. മണിക്കൂറുകൾക്കം വെള്ളം വരവ് നിലച്ചപ്പോൾ നിരവധി സാംക്രമിക രോഗങ്ങൾ പരത്താനിടയുള്ള ഇവ അതാതിടങ്ങളിൽ അടിഞ്ഞ് കൂടുകയും ചെയ്തു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. വേനലിൽ നാലോ അഞ്ചോ തവണയാണ് കൂടപ്പുഴ ബ്രാഞ്ച് കനാലിൽ വെള്ളമെത്തുന്നത്. അപ്പോഴെല്ലാം ഇത്തരം പ്രവൃത്തികളും കാണാറുണ്ട്. കഴിഞ്ഞ ആഴ്ച കനാൽ ശുചീകരിച്ചതിനാൽ മറ്റു ചീഞ്ഞളിഞ്ഞ വഹകൾ ഇക്കുറി കുറവായിരുന്നു. ചത്ത ജന്തുക്കളുടെ അവശിഷ്ടങ്ങളും കനാലിൽ ഒഴുക്കുന്നത് പലപ്പോഴും കണ്ടുവരുന്ന മറ്റൊരു പ്രവണതയാണ്. ഇന്നലെയെത്തിയ ഡ്രൈ പാന്റുകൾ താഴേയ്ക്ക് തള്ളി വിടാൻ ഓരോ സ്ഥലത്തെയും വീട്ടമ്മമാർ കിണഞ്ഞ് പരിശ്രമിച്ചു. അത് തങ്ങളുടെ വീടിന്റെ പരിസരം വൃത്തിഹീനമാകാതിരിക്കാനുള്ള അവരുടെ പെടായിരുന്നു. സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ശുചിത്വത്തിനായി മുറവിളി കൂട്ടുന്നത് പലർക്കും വനരോധനമാണ്.