വടക്കാഞ്ചേരി: സംസ്ഥാനത്ത് എല്ലാവർക്കും ഭൂമി, വീട് എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ അതിവേഗം എത്തുകയാണെന്ന് മന്ത്രി കെ.രാജൻ. തലപ്പിള്ളി താലൂക്ക് തല കരുതലും, കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനകം നിരവധി പ്രതിസന്ധികളെ അതിജീവിച്ച് 3.54 ലക്ഷത്തോളം പേരെ ഭൂമിയുടെ ഉടമകളാക്കുന്ന പ്രവർത്തനം അന്തിമഘട്ടത്തിലാണ്. മന്ത്രി ആർ.ബിന്ദു മുഖ്യാതിഥിയായി. അദാലത്തിൽ 21 റേഷൻ കാർഡും 10 പട്ടയങ്ങളും വിതരണം ചെയ്തു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എ.സി.മൊയ്തീൻ, യു.ആർ.പ്രദീപ്, വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, കളക്ടർ അർജുൻ പാണ്ഡ്യൻ, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അടലരസൻ, സബ് കളക്ടർ അഖിൽ വി.മേനോൻ, തൃശൂർ ഡി.എഫ്.ഒ രവികുമാർ മീണ, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) എം.സി.ജ്യോതി സംസാരിച്ചു.
റിസ്വാന് ആഹ്ലാദകൈത്താങ്ങ്
ഭിന്നശേഷിക്കാരനായ യുവാവിന് പരാതി പരിഹാര അദാലത്തിൽ ആഹ്ലാദം. മുള്ളൂർക്കര വലിയകത്ത് റസ്‌ലുദീന്റെ മകൻ മുഹമ്മദ് റിസ്വാന് പ്രിന്റിംഗ് ആൻഡ് ഫോട്ടോകോപ്പി സെന്ററിന് കെട്ടിട നമ്പർ ലഭിക്കും. സാങ്കേതിക തടസങ്ങൾ നീക്കും. 2017ൽ ബിൽഡിംഗ് പെർമിറ്റ് ലഭിച്ച് 2023 ൽ പണി കഴിഞ്ഞ കെട്ടിടത്തിന് സാങ്കേതിക കാരണങ്ങളാൽ നമ്പർ ലഭിച്ചിരുന്നില്ല. ഇതിനെതിരെ യുവാവിന്റെ മാതാവ് മന്ത്രി രാജനെ സമീപിച്ചു. ഒരാഴ്ചയ്ക്കകം കെട്ടിടം നേരിട്ടുകണ്ട് നമ്പർ നൽകാൻ മന്ത്രി മുള്ളൂർക്കര പഞ്ചായത്ത് സെക്രട്ടറിയോട് നിർദേശിച്ചു.