arrest-

ഗുരുവായൂർ: മദ്യപിച്ച് വഴക്കുണ്ടാക്കിയ ആളെ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. വ്യാഴാഴ്ച പുലർച്ചെ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഇന്നർ റിംഗ് റോഡിലായിരുന്നു സംഭവം. മദ്യപിച്ച് വഴക്കുണ്ടാക്കിയ കണ്ണൂർ കൊറ്റോളി കുറ്റിയിൽ വീട്ടിൽ ഷെല്ലി (47) എന്നയാൾക്കാണ് ഇരുമ്പുകമ്പി കൊണ്ട് തലയ്ക്ക് കുത്തേറ്റത്. തലയ്ക്ക് ഗുരുതര പരിക്ക് പറ്റിയ ഷെല്ലി തൃശൂർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ അബോധാവസ്ഥയിൽ ചികിത്സയിലാണ്. കൊല്ലം തെന്മല ആനന്ദഭവനിൽ അർജുനൻ (58) എന്നയാളെ ഗുരുവായൂർ ടെമ്പിൾ പൊലീസ് ഇൻസ്‌പെക്ടർ ജി.അജയ കുമാർ അറസ്റ്റ് ചെയ്തു. ഇരുവരും വീട്ടിൽ നിന്നും വീട്ടുകാരുമായി തെറ്റി ഗുരുവായൂരിൽ കൂലിപ്പണി ചെയ്ത് ജീവിക്കുന്നവരാണ്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.