manu-kadatal

പാലപ്പിള്ളി: കൊച്ചിൽ മലബാർ കമ്പനിയുടെ കൈവശമുള്ള വനഭൂമിയിൽ നിന്നും വൻതോതിൽ മണ്ണു കടത്തുന്നതായി പരാതി. ചിമ്മിനി ഡാം റോഡിനോട് ചേർന്ന് എച്ചിപ്പാറയിൽ നിന്നാണ് മണ്ണ് കടത്തിക്കൊണ്ടു പോകുന്നത് .വരന്തരപ്പിള്ളി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ തണ്ണീർതടങ്ങൾ നികത്തുന്നതിനാണ് മണ്ണ് കടത്തികൊണ്ടു പോകുന്നത്. കൊച്ചിൻ മലബാർ കമ്പനിയുടെ ജിവനക്കാർക്ക് താമസിക്കാൻ 1957 ൽ നിർമ്മിച്ച പാഡികൾ തൊഴിലാളികൾ താമസിക്കാതായതോടെ പൊളിച്ചുമാറ്റിയിരുന്നു. അഞ്ചു മുറി പാഡികൾ എന്ന് അറിയപ്പെട്ടിരുന്ന ക്വാർട്ടേഴ്‌സുകളുടെ മേൽക്കൂരയുടെ ഓടും മരങ്ങളും ആദ്യം പൊളിച്ചുമാറ്റിയിരുന്നു. വെട്ടുക്കല്ലിൽ നിർമ്മിച്ച ചുമർ പൊളിച്ചുമാറ്റുന്നതിന്റെ മറവിൽ പാഡികൾ നിന്നിരുന്ന സ്ഥലത്തെ മണ്ണ് ഉൾപടെയാണ് കടത്തുന്നത്. മണ്ണ് കടത്തികൊണ്ടു പോകുന്നത് തടയണമെന്നാവശ്യപ്പെട്ട് പാലപ്പിള്ളി സ്വദേശി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ, ചാലക്കുടി ഡി.എഫ്.ഒ എന്നിവർക്ക് രേഖാമൂലം പരാതി നൽകി.

സംരക്ഷിത വനഭൂമിയിൽ നിന്നും മണ്ണ് കൊണ്ടുപോകുന്നത് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പാലപ്പിള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഒാഫീസിൽ നിന്നും ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തിയെന്നും മണ്ണ് കൊണ്ടുപോയിട്ടില്ലന്നും റെയ്ഞ്ച് ഒാഫീസർ അറിയിച്ചു.