വടക്കാഞ്ചേരി : മനുഷ്യച്ചിന്തകളെ ജ്വലിപ്പിക്കുന്ന ശക്തിയാണ് ഭാഗവതമെന്ന് ഹിന്ദ് നവോത്ഥാന പ്രതിഷ്ഠാൻ അഖിലേന്ത്യാ അദ്ധ്യക്ഷൻ സ്വാമി ഭൂമാനന്ദതീർത്ഥ. താനാരാണെന്ന ചിന്തയിലേക്ക് വെളിച്ചം വീശി പ്രേരിപ്പിക്കുന്ന പ്രകരണമാണ് ഭാഗവതത്തിലെ പുരഞ്ജനന്റെ കഥ. ജീവന്റെ ഗതിവിഗതികൾ മനസിലാക്കുമ്പോൾ ജീവിതത്തിലെ അനുഭവങ്ങൾ അതു സുഖമായാലും ദുഃഖമായാലും പ്രയാസം കൂടാതെ സന്തോഷത്തോടെ സ്വീകരിക്കാൻ കഴിയുമെന്നും കൂട്ടിച്ചേർത്തു. പരമതത്ത്വസമീക്ഷാ സത്രത്തിൽ സംസാരിക്കുകയായിരുന്നു ഭൂമാനന്ദതീർത്ഥ. യജ്ഞരൂപിക്ക് മുമ്പിൽ തകർന്നുവീണ ഹിരണ്യാക്ഷശൗര്യം എന്ന വിഷയത്തിൽ ' കൊളത്തൂർ പുരുഷോത്തമൻ നായർ, പുത്രൻ അമ്മയ്ക്ക് നൽകിയ ആത്മോപദേശം എന്ന വിഷയത്തിൽ ഡോ.പി.വി.വിശ്വനാഥൻ നമ്പൂതിരി, രാജബാലനെ ധ്രുവപദത്തിലെത്തിച്ച നിശ്ചയദാർഢ്യം എന്ന വിഷയത്തിൽ തെക്കേടം നാഗരാജൻ നമ്പൂതിരി, പുരഞ്ജനനിലൂടെ പാടിയ ജീവനഗാഥ എന്ന വിഷയത്തിൽ കിഴക്കുംപാട്ട് വിനോദകുമാര ശർമ്മ എന്നിവർ തത്ത്വപ്രവചനം നടത്തി.