ചാവക്കാട്: ഒരു നൂറ്റാണ്ട് കാലത്തെ പൈതൃകത്തെ സാക്ഷിയാക്കി ഇരട്ടപ്പുഴ ജി.എൽ.പി സ്‌കൂൾ പുതുമുഖവുമായി ഇനി നാടിനെ സേവിക്കും. ഒരു കാലത്ത് ഡിവിഷൻ ഫാൾ വന്ന് അൺ ഇകണോമിക് പട്ടികയിലായപ്പോൾ സ്‌കൂൾ അടച്ചുപൂട്ടൽ ഭീഷണിയിലായിരുന്നു. ജീർണാവസ്ഥയിലായ സ്‌കൂളിന് ഫിറ്റ്‌നസ് ലഭിക്കാത്തത് മൂലം സമീപത്തുള്ള ഉദയ വായനശാലയിലേക്ക് മാറ്റേണ്ടിയും വന്നു. എൻ.കെ.അക്ബർ എം.എൽ.എയുടെ ഇടപെടലിലാണ് സ്കൂളിന്റെ ശനിദശ മാറിയത്. കടപ്പുറം പഞ്ചായത്ത് 30 സെന്റ് സ്ഥലം വിലക്കെടുക്കുകയും അതിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 95.50 രൂപ ചെലവഴിച്ച് കെട്ടിടം നിർമ്മിക്കുകയുമായിരുന്നു. അക്ഷരാഭ്യാസമില്ലാത്ത പട്ടിണിപ്പാവങ്ങളും മത്സ്യത്തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങി നിറഞ്ഞ ഗ്രാമത്തിന് അക്ഷര വെളിച്ചമായാണ് സ്കൂളിന് തുടക്കമിട്ടത്. നാട്ടിലെ പ്രമുഖനും മനുഷ്യസ്‌നേഹിയുമായ ചെട്ടിപ്പാറൻ തറവാട്ടിലെ അയ്യപ്പൻ എന്നയാൾ പാവപ്പെട്ടവർക്കായാണ് വിദ്യാലയം നിർമ്മിച്ചത്. അക്കാലത്ത് കിലോമീറ്റർ താണ്ടി വേണം വിദ്യാലയത്തിലെത്താൻ. സ്വന്തം സ്ഥലത്ത് സ്‌കൂൾ കെട്ടിടം നിർമ്മിച്ച് നടത്തിപ്പിനായി അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിനെ ഏൽപ്പിച്ചു. പിന്നീട് ഐക്യ കേരളം നിലവിൽ വന്നിട്ടും സ്‌കൂളിന് കാലോചിതമായ മാറ്റം വരുത്താൻ അധികാരികൾ തയ്യാറായില്ല. മാറിമാറി വന്ന സർക്കാരുകൾ സ്‌കൂളിന് സ്വന്തമായ സ്ഥലവും കെട്ടിടവും എന്ന ആശയത്തോട് എന്നും മുഖം തിരിച്ചുനിന്നു. പിന്നീടാണ് എം.എൽ.എയുടെ ഇടപെടൽ. ഡിസം. 24ന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി ആർ.ബിന്ദു പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യും. എൻ.കെ.അക്ബർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.