bjp

മൂന്ന് ജില്ലാ കമ്മിറ്റികൾ
26 മണ്ഡലം കമ്മിറ്റികൾ


തൃശൂർ : ജില്ലയെ സംഘടനാപരമായ സൗകര്യങ്ങൾക്കായി മൂന്ന് ജില്ലകളായി വിഭജിക്കുന്ന നടപടികളിലേക്ക് ബി.ജെ.പി കടന്നതോടെ, പ്രസിഡന്റ് സ്ഥാനത്തിനായി ചരടുവലി ശക്തം. തൃശൂർ സിറ്റി, തൃശൂർ നോർത്ത്, തൃശൂർ സൗത്ത് എന്നിങ്ങനെ മൂന്ന് ജില്ലകളാണ് രൂപീകരിക്കുന്നത്. തൃശൂർ സിറ്റിയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നിലവിലെ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ.നാഗേഷ്, സുരേന്ദ്രൻ ഐനിക്കുന്നത്ത്, രവികുമാർ ഉപ്പത്ത്, ബിജോയ് തോമസ് എന്നിവരുടെ പേരാണ് ഉയർന്നത്. സൗത്ത് ജില്ലയിൽ ഷാജുമോൻ വട്ടേക്കാട്, ഏറെ നാളായി ഭാരവാഹിത്വത്തിൽ നിന്ന് വിട്ടുനിൽക്കുന്ന എ.ആർ.ശ്രീകുമാർ, കെ.പി.ഉണ്ണികൃഷ്ണൻ എന്നിവരാണ് രംഗത്തുള്ളത്. നോർത്തിൽ അനീഷ് ഇയ്യാൽ, നിവേദിത സുബ്രഹ്മണ്യൻ, ഐ.എൻ.രാജേഷ്, ജില്ലാ ട്രഷറർ അനീഷ് മാസ്റ്റർ എന്നിവരുടെ പേരും ഉയരുന്നുണ്ട്.


കടുത്ത മത്സരം

കഴിഞ്ഞ മൂന്നു ദിവസമായി മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിക്കാനായി ചേർന്ന യോഗങ്ങളിൽ കടുത്ത ചേരിതിരിവാണ് പ്രകടമാകുന്നത്. 26 മണ്ഡലങ്ങളിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാലു മണ്ഡലങ്ങളിലൊഴിച്ച് ഒരിടത്തും സമവായമായില്ല. അനീഷ് നാഗേഷ് ഗ്രൂപ്പുകൾ എന്നതിലുപരി വ്യക്തിപരമായി നിരവധി പേരും രംഗത്തുണ്ട്. വെസ്റ്റ് മണ്ഡലത്തിലേക്ക് അഞ്ചുപേരാണ് രംഗത്തുള്ളത്. കൈപ്പറമ്പ്, എരുമപ്പെട്ടി, കയ്പ്പമംഗലം, ആമ്പല്ലൂർ തുടങ്ങിയ മണ്ഡലങ്ങളിലേക്ക് മാത്രമാണ് അഭിപ്രായ ഐക്യമുള്ളത്.

പല മണ്ഡലങ്ങളിലും ഗ്രൂപ്പ് മറന്നും രണ്ടും മൂന്നും പേർ രംഗത്തുണ്ട്. ചിലയിടങ്ങളിൽ രൂക്ഷമായ ചേരിതിരിവാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് മേൽനോട്ടം വഹിക്കുന്ന സി.സദാനന്ദൻ മാസ്റ്റർ, അഡ്വ.ടി.പി.സിന്ധുമോൾ എന്നിവരും അഭിപ്രായം രേഖപ്പെടുത്തി. പ്രഖ്യാപനം അടുത്തമാസം ആദ്യമുണ്ടായേക്കും. ആർ.എസ്.എസ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷമാകും തീരുമാനം.


അന്തിമ രൂപമായി


റവന്യൂ ജില്ലയെ മൂന്നാക്കി തിരിക്കുന്നതിന് അന്തിമ രൂപമായി. നേരത്തെ മറ്റൊരു രീതിയിലായിരുന്നു വിഭജനത്തിന് രൂപരേഖ തയ്യാറാക്കിയതെങ്കിൽ ഇപ്പോൾ സംസ്ഥാന നേതൃത്വം മറ്റൊരു സംവിധാനത്തിനാണ് അംഗീകാരം നൽകിയത്. നിലവിലെ വിഭജനം ഇങ്ങനെ...


1. തൃശൂർ സിറ്റി, മണലൂർ, നാട്ടിക, ഒല്ലൂർ, തൃശൂർ, പുതുക്കാട്.
2. തൃശൂർ നോർത്ത്, കുന്നംകുളം, ഗുരുവായൂർ, ചേലക്കര, വടക്കാഞ്ചേരി
3. തൃശൂർ സൗത്ത്, കയ്പ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ.