k-rajan

തൃശൂർ: മുണ്ടക്കൈ ചൂരൽമല പുനരധിവാസ പട്ടികയുമായി ബന്ധപ്പെട്ട പരാതികൾ സംബന്ധിച്ച് കൃത്യമായി പരിശോധിക്കുമെന്നും ദുരന്തബാധിതരായ ആരും ഒഴിവാക്കപ്പെടില്ലെന്നും റവന്യൂമന്ത്രി കെ.രാജൻ. അനധികൃതമായി ഒരാളും പട്ടികയിൽ കടന്നുകൂടില്ല. പാകപ്പിഴകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ ഗൗരവമായി കാണും. പട്ടികയിലെ പേരുകളിലുണ്ടായ ഇരട്ടിപ്പും തെറ്റായ വിവരങ്ങളും ജാഗ്രതക്കുറവു കൊണ്ട് ഉണ്ടായതാണെങ്കിൽ നടപടിയുണ്ടാകും.

പുനരധിവാസ പട്ടികയിലെ ഇരട്ടിപ്പ് കൃത്യമായി പരിശോധിക്കും. ഇരട്ടിപ്പ് വന്ന ഒരു പേരും പട്ടികയിൽ ഇനി ഉണ്ടാകില്ല. ഉദ്യോഗസ്ഥ തലത്തിൽ മാത്രമല്ല കളക്ടർ ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വൈസ് ചെയർമാനും എല്ലാ വകുപ്പുകളുടെയും മേധാവികളും ഉൾപ്പെടുന്ന ഡി.ഡി.എം.എ പരിശോധിച്ച ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്. കരട് റിപ്പോർട്ടാണിത്. ജനുവരിയിൽ ഗുണഭോക്താക്കളുടെ അന്തിമ പട്ടിക പൂർത്തിയാക്കും. പതിനഞ്ച് പ്രവർത്തന ദിവസങ്ങളിൽ ലഭ്യമാകുന്ന പരാതികൾ സബ് കളക്ടറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നേരിട്ട് പോയി പരിശോധിച്ച ശേഷമാകും അന്തിമ പട്ടിക തയ്യാറാക്കുക. ജനുവരിയിൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് സർക്കാരിനെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.