
തൃശൂർ: സബ്‌സിഡി സാധനങ്ങൾക്ക് പുറമെ ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു മുതൽ 30 ശതമാനം വരെ വിലക്കുറവുമായി സപ്‌ളൈകോ ക്രിസ്മസ് ഫെയർ. സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി ഉത്പന്നങ്ങൾക്ക് പ്രത്യേക വിലക്കുറവ് നല്കും. ഒരു കിലോ ശബരി അപ്പംപൊടി, പുട്ടുപൊടി എന്നിവയ്ക്കും 100 ഗ്രാം ചിക്കൻ മസാല, മീറ്റ് മസാല എന്നിവയ്ക്കും 15 രൂപ വീതം വിലക്കുറവ് ലഭിക്കും. പ്രമുഖ കമ്പനികളുടെ നിത്യോപയോഗ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും നൽകുന്നു.
150 ലധികം ഉത്പന്നങ്ങൾക്കാണ് ഇത്തരത്തിൽ വൻ വിലക്കുറവും ഓഫറുകളും നൽകുന്നത്. ജില്ലാ ഫെയറുകളിലും സൂപ്പർ മാർക്കറ്റുകളിലും ഡിസംബർ 21 മുതൽ 30 വരെ ഉച്ചയ്ക്ക് രണ്ടര മുതൽ നാലുവരെ ഫ്‌ളാഷ് സെയിൽ നടത്തും. സബ്‌സിഡിയിതര ഉൽപ്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന ഓഫറിനേക്കാൾ 10 ശതമാനം വരെ അധിക വിലക്കുറവ് ഈ സമയത്ത് ലഭ്യമാകും. തെക്കേ ഗോപുരനടയിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം നിർവഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ റോസി ആദ്യ വിൽപന നടത്തി. സപ്ലൈകോ പാലക്കാട് മേഖല മാനേജർ ടി. ജെ ആശ, ജില്ലാ സപ്ലൈകോ ഓഫീസ് സീനിയർ സൂപ്രണ്ട് ബേബി സിറാജ് എന്നിവർ സംസാരിച്ചു.