 
മാള : തുമ്പൂർ ആർ.എച്ച്.എസ് സ്‌കൂൾ നൂറാം വാർഷികത്തിൽ ഒരുക്കുന്ന 'ഒരുവട്ടം കൂടി 2024' മെഗാ സംഗമത്തിന്റെ ഭാഗമായുള്ള 'മഷിപ്പച്ചകൾ' എന്ന പുസ്തകത്തിന് ബെസ്റ്റ് ഒഫ് ഇന്ത്യ നാഷണൽ റെക്കാഡ്. 1949- 2024 കാലയളവിൽ സ്‌കൂളിൽ അദ്ധ്യയനം നടത്തിയ പൂർവ വിദ്യാർത്ഥികളിൽ നിന്നും തിരഞ്ഞെടുത്ത 84 പേരുടെ ഓർമ്മക്കുറിപ്പുകളാണ് 'മഷിപ്പച്ചകൾ'. പൂർവ വിദ്യാർത്ഥി സംഘടനയായ ഒ.എസ്.എ തയ്യാറാക്കിയ 'മഷിപ്പച്ചകൾ' പുസ്തകത്തിൽ എഴുത്തുകാരി പത്മജ ശിവൻ, റിട്ട. പൊലീസ് ഓഫീസർ ആർ.കെ. ജയരാജ് എന്നിവരുടെ ഓർമ്മക്കുറിപ്പുകളാണ് ഏറ്റവും ശ്രദ്ധേയമായിട്ടുള്ളത്. തുമ്പൂരിന്റെ സ്മരണകൾ ഒരു തലമുറയിൽ നിന്നും മറ്റൊരു തലമുറയിലേക്ക് പകർന്നു നൽകുന്ന വിലപ്പെട്ട നിധിയാണ് ഈ പുസ്തകം. സ്‌കൂൾ പൂർവ വിദ്യാർത്ഥികളുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ ഏറ്റവും വലിയ പുസ്തകം എന്ന നിലയിലാണ് 'ബെസ്റ്റ് ഒഫ് ഇന്ത്യ' നാഷണൽ റെക്കാഡ് ലഭ്യമായത്.
8000 ത്തോളം പേർക്ക് വിദ്യ പകർന്നുനൽകിയ സരസ്വതി വിദ്യാലയം തുമ്പൂർ ആർ.എച്ച്.എസ് സ്‌കൂൾ നൂറാം വാർഷികത്തിൽ പുറത്തിറക്കിയ 'മഷിപ്പച്ചകൾ'വിദ്യാലയ സ്മരണകളുടെ പൂക്കാലാണ് തീർത്തിരിക്കുന്നത്.
തുമ്പൂർ സ്‌കൂളിലെ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എഴുത്തുകാരൻ ബാലകൃഷ്ണൻ അഞ്ചത്ത് പുസ്തകം പ്രകാശനം ചെയ്തു. തുമ്പൂർ ലോഹിതാക്ഷൻ, സി.വി. ബാലകൃഷ്ണൻ, സിസ്റ്റർ റോസിലിറ്റ്, റീന, സുരേഷ് അമ്പാട്ട്, എഡിറ്റർ അനിത ബൈജു, സോമസുന്ദരം എന്നിവർ പ്രസംഗിച്ചു. ഗായൻസഭ അവതരിപ്പിച്ച മെഹഫിൽ അജയൻ വേലൂർ നയിച്ചു.
'ഒരുവട്ടം കൂടി 2024' എന്ന മെഗാസംഗമം 29ന്
ഒ.എസ്.എ തുമ്പൂരിന്റെ നേതൃത്വത്തിൽ 29ന് നടക്കുന്ന 'ഒരുവട്ടം കൂടി 2024' എന്ന മെഗാസംഗമം ഈ സന്തോഷത്തിന് പൂർണത പകരും. സംഗമത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ വിരാജിക്കുന്ന വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ ഒത്തുചേരും. എഴുത്തുകാരായ പത്മജ ശിവൻ, തുമ്പൂർ ലോഹിതാക്ഷൻ, റിട്ട. പൊലീസ് ഓഫീസർ ആർ.കെ. ജയരാജ് എന്നിവർ സ്മരണകൾ അയവിറക്കും. ഏകദേശം 3000ത്തിലേറെ പേർ സംഗമത്തിൽ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ.