photo
1

അതിരപ്പിള്ളി: മലയോര മേഖലയുടെ ഏക ആശ്രമായ അരൂർമുഴിയിലെ മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങളില്ലാതെ നാട്ടുകാർ നട്ടം തിരിയുന്നു. അതിരപ്പിള്ളി , വെറ്റിലപ്പാറ,ചായിപ്പൻകുഴി, കൊന്നക്കുഴി തുടങ്ങിയ പ്രദേശങ്ങളിലെ ആളുകൾ കൂടുതലായും ആശ്രയിക്കുന്ന ഈ സ്റ്റോറിൽ മാസങ്ങളായി സാധനങ്ങൾ ലഭ്യമാകുന്നില്ല. നിലവിൽ മാവേലി സ്റ്റോറിലുള്ളത് അരിയും പഞ്ചസാരയും മാത്രമാണ്. ബാക്കിയുള്ള പലവ്യഞ്ജന സാധനങ്ങൾ വാങ്ങാൻ ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്ന ആളുകൾ അധിക വില നൽകി മറ്റ് കടകളിൽനിന്ന് വാങ്ങിയാണ് മടങ്ങുന്നത്. ആദിവാസി മലയോര മേഖലകൾ ഉൾപ്പെടുന്ന ഈ പ്രദേശത്തെ മാവേലി സ്റ്റോറിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കണമെന്നും പ്രവർത്തനം സുഗമമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പതിവായി വൈദ്യുതി മുടക്കവും

പ്രദേശത്തെ പതിവായ വൈദ്യുതി മുടക്കവും മാവേലി സ്റ്റോറിന്റെ പ്രവർത്തനത്തെ ബാധിക്കുന്നു. വൈദ്യുതിയില്ലെങ്കിൽ മാവേലി സ്റ്റോറിൽ സാധനങ്ങളും ലഭിക്കില്ല. സ്റ്റോറിലെ ഇൻവർട്ടർ പ്രവർത്തിക്കാത്തതിനാൽ ബില്ലടയ്ക്കാൻ സാധിക്കാത്തതാണ് കാരണം. ഇതോടെ കിലോമീറ്ററുകൾ ദൂരെ നിന്ന് വരെ സാധനങ്ങൾ വാങ്ങാൻ എത്തുന്ന ആളുകൾ നിരാശയോടെ മടങ്ങുകയാണ് പതിവ്.

സിവിൽ സപ്ലൈ ഓഫീസിൽ നിന്ന് സാധനങ്ങൾ എത്തുന്ന മുറയ്ക്ക് ഇവിടെ വിതരണം നടക്കുന്നുണ്ട്. വലിയ പരാതികൾ ഇപ്പോൾ ശ്രദ്ധയിൽ പെട്ടിട്ടില്ല.
അഡ്വ. ആതിര ദേവരാജൻ
അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ്

മാവേലി സ്റ്റോറിൽ മാസങ്ങളായി അവശ്യ സാധനങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നു. അധികൃതർ ഇടപ്പെട്ട് പരിഹാരം കാണണം.
എ.ഡി.ഷൈജു
പൊതു പ്രവർത്തകൻ