kpam
തീരദേശം സുന്ദരതീരമാക്കാനുള്ള മതിലകം ബ്ലോക്കിലെ തീരദേശ വാർഡുകളിലെ തനത് പദ്ധതിയുടെ ഉദ്ഘാടനം ഇ.ടി. ടൈസൻ മാസ്റ്റർ എം.എൽ.എ നിർവ്വഹിക്കുന്നു

കയ്പമംഗലം: മതിലകം ബ്ലോക്ക് പഞ്ചായത്തിലെ തീരദേശ ബ്ലോക്ക് ഡിവിഷൻ മെമ്പർമാരുടെ തനത് പദ്ധതിയായ തീരസുരക്ഷ, ഏഴ് പഞ്ചായത്തുകളുടെ കടലോരങ്ങളിലും പ്ലാസ്റ്റിക് മാലിന്യവിമുക്തമാക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സുന്ദരതീരം സൃഷ്ടിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങൾ ഉറപ്പ് വരുത്തിയാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. ഇതിന്റെ ഭാഗമായി സന്നദ്ധ സംഘടനകൾ, കുടുംബശ്രീ, നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ, വ്യാപാരികളുടെ കൂട്ടായ്മകൾ തുടങ്ങിയവയുടെ സഹകരണത്തോടെ ലഭ്യമായ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ബീച്ച് ഫെസ്റ്റിവൽ നടക്കുന്ന അഴീക്കോട് മുനയ്ക്കൽ ഡോൾഫിൻ ബീച്ചിൽ ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മഞ്ജുള അരുണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത്, ഫൗസിയ ഷാജഹാൻ, കോസ്റ്റൽ എസ്.ഐ: സിജിൽ, രേഖ, ബബിത റാഫി, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഏഴ് പഞ്ചായത്തിന്റേയും കടലോരങ്ങളിലും ഏഴു പഞ്ചായത്തുകളിലൂടെ സമാന്തരമായി പോകുന്ന വെസ്റ്റ് ടിപ്പുസുൽത്താൻ റോഡിന്റെ പ്രധാന കവലകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കുന്ന പദ്ധതി ഉടൻ പ്രവർത്തികമാക്കുമെന്ന് പദ്ധതി കോ-ഓർഡിനേറ്റർ ആർ.കെ. ബേബി അറിയിച്ചു.