കൊടുങ്ങല്ലൂർ : മുസിരിസ് ജലോത്സവത്തിൽ എ ഗ്രേഡ് വിഭാഗത്തിൽ ടി.ബി.സി കൊച്ചിൻ ടൗൺ ക്ലബിന്റെ പുത്തൻപറമ്പിൽ വള്ളം ജേതാക്കളായി: ബി ഗ്രേഡ് വിഭാഗത്തിൽ പുനർജനി വടക്കുംപുറം ക്ലബ്ബിന്റെ വടക്കുംപുറം വള്ളം ജേതാക്കളായി. പുത്തൻപറമ്പിൽ വള്ളത്തിന്റെ ക്യാപ്ടൻ ജോണി പത്തേഴത്തിന് വി.കെ. രാജൻ മെമ്മോറിയൽ ട്രോഫിയും വടക്കുംപുറം വള്ളം തുഴഞ്ഞ ഫ്രണ്ട്‌സ് വടക്കുംപുറത്തിന് കെ.ഡി. കുഞ്ഞപ്പൻ മെമ്മോറിയൽ ട്രോഫിയും കളക്ടർ അർജുൻ പാണ്ഡ്യൻ സമ്മാനിച്ചു. എ ഗ്രേഡ് വിഭാഗത്തിൽ ഗോതുരുത്ത് ജലകായിക സമിതിയുടെ ഗോതുരുത്ത് പുത്രൻ രണ്ടാം സ്ഥാനം നേടി. ബി ഗ്രേഡ് വിഭാഗത്തിൽ ടി.ബി.ബി.സിയുടെ സെന്റ് സെബാസ്റ്റ്യൻ രണ്ടാം സ്ഥാനവും നേടി. മുസിരിസ് ബോട്ട് ക്ലബ്ബ് സംഘടിപ്പിച്ച മുസിരിസ് ജലോത്സവം ബെന്നി ബെഹ്നാൻ എം.പി ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ടി.കെ. ഗീത, ക്ലബ് ഭാരവാഹികളായ പി.പി. രഘുനാഥ്, ഒ.സി. ജോസഫ്, കെ.എസ്. വിനോദ്, സഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ, കെ.ജി. ശിവാനന്ദൻ എന്നിവർ സംസാരിച്ചു.