എരുമപ്പെട്ടി: എരുമപ്പെട്ടി ചിറ്റണ്ട കണ്ടൻചിറയിലൂടെയുള്ള വനയാത്ര അവസാനിക്കുന്നത് സുന്ദരിയായി ഒഴുകുന്ന ചെറുചക്കി ചോലയിലാണ്. ഒരു കാലത്ത് ആയിരത്തിലധികം പേരെത്തിയിരുന്ന ചെറുചക്കി ചോല ഇന്ന് വിജനമാണ്. ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഉൾപ്പെട്ട വെള്ളച്ചാട്ടത്തിന്റെ ചെക്കുഡാമിൽ വിദ്യാർത്ഥി മുങ്ങി മരിച്ചതോടെ സന്ദർശക വിലക്ക് ഏർപ്പെടുത്തുകയായിരുന്നു. ഇതോടെ ഈ ടൂറിസം പദ്ധതിയും പാതിവഴിയിലായി.
വനമേഖലയായതിനാൽ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഇവിടെ നേരിട്ടിടപെടാനാകില്ല. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന വന സംരക്ഷണ സമിതിക്കാണ് ഇത്തരം ടൂറിസം കേന്ദ്രങ്ങൾ നടത്താനുള്ള അധികാരം. എന്നാൽ നാലോ, അഞ്ചോ പേരെ സ്ഥിരമായി ജോലിക്ക് നിറുത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ സമിതി ഇതേറ്റെടുക്കുന്നുമില്ല.
2018ൽ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കാനനപാതകളിൽ ടൈൽ വിരിക്കലും ശുചിമുറികൾ സ്ഥാപിക്കലും ഔഷധസസ്യം വെച്ചുപിടിക്കലും നടന്നു. തുടർന്ന് ടൂറിസം പദ്ധതിയുടെ ഭാഗമായി വികസന പദ്ധതി ആസൂത്രണം ചെയ്ത് വിശദപദ്ധതി രേഖ സമർപ്പിച്ചു. എന്നാൽ ചോല അടച്ചതോടെ പദ്ധതി ചുവപ്പുനാടയിലായി. രണ്ട് വർഷമായി സഞ്ചാരികൾ ഇവിടേക്ക് എത്തിയിട്ട്. ചോലയിലേക്കുള്ള പാതകളെല്ലാം കാടുമൂടിയ നിലയിലാണ്. മഴക്കാലത്ത് ചോലയുടെ മനോഹാരിതയും കാടിന്റെ ഭംഗിയും ആസ്വദിക്കാൻ മറ്റ് ജില്ലകളിൽ നിന്നുവരെ നൂറുകണക്കിന് സന്ദർശകരെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ പാത അടച്ചിട്ടതറിഞ്ഞ് സന്ദർശകർ തിരികെ പോകും
ചോലയ്ക്ക് പുറമെ മിനി ചെക്ക് ഡാം, വെള്ളച്ചാട്ടം, മല്ലൻതറ, തട്ടുകളായുള്ള നരിമട, പാർവതിക്കല്ല്, അഞ്ച് യൂക്കാലി, വാച്ച് ടവർ എന്നിവയെല്ലാം ഇവിടത്തെ പ്രധാന ആകർഷണ കേന്ദ്രങ്ങളാണ്.
പദ്ധതിയിൽ ഉൾപ്പെട്ടത്
1. കുട്ടികളുടെ പാർക്ക്
2. റോപ് സൈക്ലിംഗ്
3. ടിക്കറ്റ് കൗണ്ടർ
4. സൂചനാ ബോർഡുകൾ
5. ഇരിക്കാനുള്ള ബെഞ്ചുകൾ
6. വിശാലമായ കാഴ്ച കിട്ടുന്ന സ്ഥലങ്ങൾ
7. സൈക്കിൾ പാത
8. ട്രക്കിംഗ്
വന സംരക്ഷണ സമിതിയുടെ പുതിയ കമ്മിറ്റി നേതൃത്വത്തെ തെരഞ്ഞെടുത്തിട്ടുണ്ട്. ചെറുചക്കി ചോല തുറക്കാൻ ഈ കമ്മിറ്റിക്ക് കഴിയുമെന്ന ശുഭപത്രീക്ഷയുണ്ട്.
ഇ.എസ്.സുരേഷ്
എരുമപ്പെട്ടി പഞ്ചായത്ത് മെമ്പർ
അതിരപ്പിള്ളി മാതൃകയിൽ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ പിന്തുണ നൽകി ചെറുചക്കി ചോല ടൂറിസം ഉറപ്പാക്കും.
എസ്.ബസന്ത് ലാൽ.
പ്രസിഡന്റ് എരുമപ്പെട്ടി പഞ്ചായത്ത്.