കൊടുങ്ങല്ലൂർ: കാലാവസ്ഥാ വ്യതിയാനവും പുഴയിലെ മാലിന്യവും കുളവാഴയും മൂലം ഉൾനാടൻ ജലാശയങ്ങളിൽ മത്സ്യലഭ്യതയിൽ വൻ ഇടിവ്. രാവേറെ പുഴയിൽ വല വീശിയാലും ജീവിതച്ചെലവ് കൂട്ടിമുട്ടിക്കാനാകാത്ത അവസ്ഥയിലാണ് തൊഴിലാളികൾ.
പുഴയുടെ ഉപരിതലത്തിൽ വടക്കൻ പ്രദേശങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കുളവാഴ തഴച്ചുവളരുകയാണ്. പുഴയുടെ അടിയിലും, മുകളിലും നിറഞ്ഞിരിക്കുകയാണ് കുളവാഴ. ഇവ ചീഞ്ഞ് ജലത്തിൽ പരക്കുന്ന വാതകം മീനുകളുടെ നിലനിൽപ്പിനും പ്രജനനത്തിനും ഭീഷണിയാണ്. രാത്രിയിൽ മത്സ്യബന്ധനം നടത്തുമ്പോൾ വലയിൽ കുളവാഴകൾ കുടുങ്ങി വലയും നശിക്കുന്നു.
പുഴയിൽ നിന്ന് കക്ക വാരാനും ഇവ തടസമാണ്. കുളവാഴയെ നശിപ്പിക്കാനുള്ള ദൗത്യത്തെ കുറിച്ച് പഠിക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിൽ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ തുടർ നടപടിയുണ്ടായില്ല. പുഴയിൽ നിന്ന് കുളവാഴകൾ നീക്കം ചെയ്തില്ലെങ്കിൽ മത്സ്യത്തൊഴിലാളികളുടെ ജീവിതം തകരും. കുളവാഴ നശിപ്പിക്കാൻ ഓരോ പഞ്ചായത്തും മുൻകൈയെടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
പുഴ മത്സ്യങ്ങളായ കണമ്പ്, കരിമീൻ, പ്രായൽ തുടങ്ങിയവയ്ക്കാണ് ഡിമാൻഡ്. ഇവ ലഭിക്കുന്നത് ഇപ്പോൾ കുറഞ്ഞു. ഊന്നിവലകളിൽ തെള്ളി, ചൂടൻ ചെമ്മീൻ ലഭിക്കുന്നുണ്ടെങ്കിലും മുൻകാലത്തേക്കാൾ കുറവാണ്. കുളവാഴകൾ കോരിയെടുത്ത് കത്തിച്ചുകളയാൻ നടപടി വേണമെന്നും കോൾപ്പാടങ്ങളിൽ നിന്നും പുഴയിലേക്ക് കുള വാഴകൾ വരാതിരിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ആനാപ്പുഴയിൽ 500 ഓളം കുടുംബങ്ങളാണ് പുഴയിൽ നിന്ന് മീൻ പിടിച്ചു ജീവിക്കുന്നത്. നീട്ടുവല, വാലുവല, വീശുവല, ചീനവല എന്നിവയാണ് മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം വില്ലൻ
കാലാവസ്ഥാ വ്യതിയാനം മീനുകളുടെ പ്രജനനത്തെ ബാധിച്ചു. കടലിൽ നിന്ന് മീനുകൾ പുഴയിലേക്ക് കയറുന്നില്ല. കടലിൽ നിന്നുള്ള ഉപ്പുവെള്ളം പുഴയിലേക്ക് നന്നായി കയറുമ്പോഴാണ് പ്രജനനത്തിനായി മീനുകൾ കടലിൽ നിന്ന് പുഴയിലെത്തുന്നത്. കാലം തെറ്റി പെയ്ത കനത്ത മഴ മൂലം കിഴക്കൻ മലകളിൽ നിന്നുൾപ്പെടെ നല്ല വെള്ളം പുഴയിലെത്തുന്നു. വെള്ളത്തിന് ഉപ്പില്ലാതാകുന്നതോടെ മീനുകൾ കടലിലേക്ക് മടങ്ങുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും മീനുകളെ ബാധിക്കുന്നു. ഒരു കാലത്ത് സുലഭമായി ലഭിച്ചിരുന്ന നാരൻ ചെമ്മീനും, ഞണ്ടുമെല്ലാം കുറയുകയാണ്.