തൃശൂർ : കഴിഞ്ഞ പൂരം കൊടിയിറങ്ങിയിട്ട് എഴ് മാസം പിന്നിടുമ്പോഴും കൊടിയിറങ്ങാതെ പൂരം അലങ്കോലമാക്കൽ വിവാദം. ഓരോ വിഷയം പരിഹരിക്കും തോറും മറ്റ് വിഷയങ്ങൾ ഉയർന്നുവരുന്നത് പൂരപ്രേമികളെയും ആശങ്കപ്പെടുത്തുന്നു. കഴിഞ്ഞ എതാനും വർഷമായി വിവാദങ്ങളിലൂടെയാണ് ഓരോ പൂരച്ചടങ്ങും പൂർത്തിയാക്കുന്നത്. പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം എ.ഡി.ജി.പിയായിരുന്ന അജിത് കുമാറിന്റെ റിപ്പോർട്ടിലെ പരാമർശം പുറത്തുവന്നതാണ് ഒടുവിലത്തെ വിവാദം.

പൂരം വിഷയത്തിൽ പി.വി.അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലിനെ തുടർന്ന് അന്വേഷണം വിവാദമാപ്പോഴാണ് എ.ഡി.ജി.പി പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്. തിരുവമ്പാടി ദേവസ്വത്തിനെതിരെ ഉയർന്ന റിപ്പോർട്ട് ഏറെ വിവാദമായിരുന്നു. അജിത്ത് കുമാറിന്റെ റിപ്പോർട്ടിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നു. ഇതേത്തുടർന്ന് ആ റിപ്പോർട്ട് തള്ളിയ മുഖ്യമന്ത്രി മൂന്ന് വ്യത്യസ്ത അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ഇത് നടന്നുകൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി തള്ളിയ റിപ്പോർട്ടിലെ ഭാഗങ്ങൾ വീണ്ടും ഉയർന്നുവന്നത്. എ.ഡി.ജി.പിയുടെ റിപ്പോർട്ടിലെ കാര്യങ്ങൾ ഇപ്പോൾ ഉയർന്നുവന്നതിന് പിന്നിൽ പൊലീസ് ഒരു വിഭാഗമാണെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നിരവധി ആരോപണങ്ങൾ ഉയരുന്നതിനിടെ അജിത് കുമാറിനെ ഡി.ജി.പി തസ്തികയിലേക്ക് ഉയർത്തിയതിനെതിരെയുള്ള നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു. വെടിക്കെട്ടുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാരിന് കീഴിലുള്ള പെസോയുടെ കർശന നിയമങ്ങളെ ചൊല്ലിയും പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഭാവിയിൽ ഈ വിവാദങ്ങൾക്ക് ഒപ്പം ഈ വിഷയവും എരിതീയിൽ എണ്ണയൊഴിക്കും.


മാല പോലെ വിവാദങ്ങൾ

ഏപ്രിൽ 19 എഴുന്നള്ളിപ്പ് നിറുത്തിവെച്ചു
വെടിക്കെട്ട് അലങ്കോലപ്പെട്ടു
എ.ഡി.ജി.പിക്ക് അന്വേഷണച്ചുമതല
അന്വേഷണം, മൊഴിയെടുപ്പ്, വിവാദ പ്രസ്താവനകൾ
പൂരം അലങ്കോലപ്പെടൽ ; പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ
എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി
റിപ്പോർട്ട് തള്ളി മുഖ്യമന്ത്രി
മൂന്ന് വ്യത്യസ്ത അന്വേഷണ പ്രഖ്യാപനം
സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപി ആംബുലൻസിൽ വന്നതിൽ വിവാദം
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവ്
പ്രതിഷേധവുമായി ദേവസ്വങ്ങളും ഭക്തജനങ്ങളും
വെടിക്കെട്ടിൽ കർശന നിയന്ത്രണവുമായി പെസോ
ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ദേവസ്വങ്ങൾ സുപ്രീം കോടതിയിൽ
ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി വിധി
ആഹ്‌ളാദവുമായി പൂരപ്രേമികൾ
രണ്ട് വർഷത്തെ പൂരം പ്രദർശനം തറവാടക കുടിശികയായ 3.68 കോടി നൽകണമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ്
ദേവസ്വം ബോർഡ് നടപടിയിൽ തിരുവമ്പാടി- പാറമേക്കാവ് വിഭാഗങ്ങൾ പ്രതിഷേധത്തിൽ
തിരുവമ്പാടി- പാറമേക്കാവ് വേലയ്ക്ക് വെടിക്കെട്ടിന് അനുമതിയായില്ല.