simha
സിംഹവാലൻ കുരങ്ങ്

തൃശൂർ: ഉൾക്കാട്ടിൽ നിന്ന് സിംഹവാലൻ കുരങ്ങുകൾ നാടിറങ്ങുന്നത് പതിവാകുന്നതായി കേരള വനഗവേഷണ സ്ഥാപനത്തിലെ (കെ.എഫ്.ആർ.ഐ) ഗവേഷകർ. സിംഹവാലൻ കുരങ്ങും മനുഷ്യരുമായി കൂടുതൽ സമ്പർക്കമുള്ള അഞ്ചിടങ്ങൾ കേരളത്തിലാണ്. രണ്ടെണ്ണം തമിഴ്‌നാട്ടിലും ഒന്ന് കർണാടകത്തിലുമാണ്. നിത്യഹരിത വനങ്ങളിലെ മരങ്ങളുടെ മുകൾഭാഗത്തെ താമസം മാറ്റിയാണ് ഇവ നാട്ടിലിറങ്ങുന്നത്. വിനോദസഞ്ചാരികളും തീർത്ഥാടകരുമുൾപ്പെടെ ഭക്ഷണം കൊടുക്കാനും മറ്റുമായി ഇവരോട് അടുത്തിടപെടുന്നത് രോഗഭീതിയുമുണ്ടാക്കുന്നു. ഇവയിലൂടെ റാബീസ്,ടി.ബി തുടങ്ങിയ ജന്തുജന്യരോഗങ്ങൾ മനുഷ്യർക്കുമുണ്ടാകാം.

ഭക്ഷണം നൽകുന്നത് അവയുടെ സ്വാഭാവിക ജീവിതത്തെയും സ്വഭാവത്തെയും തകിടം മറിക്കും. കെ.എഫ്.ആർ.ഐയിലെ വൈൽഡ്‌ലൈഫ് ബയോളജി വിഭാഗം ഗവേഷകരായ ടി.എ. ഷഹീർ, ഡോ. ബാലകൃഷ്ണൻ പേരോത്ത്, മൈസൂർ സർവകലാശാലയിലെ പ്രൊഫസറും പ്രൈമറ്റോളജിസ്റ്റുമായ ഡോ. മേവാസിംഗ് എന്നിവരുടെ ഇതുമായി ബന്ധപ്പെട്ട പഠനം പ്രൈമേറ്റ് കൺസർവേഷൻ ജേണലിൽ പ്രസിദ്ധീകരിച്ചു.
പശ്ചിമഘട്ടത്തിൽ ഏഴ് ഭൂപ്രദേശങ്ങളിൽ 4,200 സിംഹവാലൻ കുരങ്ങുകളുണ്ട്. തമിഴ്‌നാട്ടിലെ വാൽപ്പാറയിൽ മനുഷ്യവാസമുള്ള തോട്ടങ്ങളിൽ സ്ഥിരം സന്ദർശകരാണ് ഇപ്പോളിവ. നെല്ലിയാമ്പതി, ഷോളയാർ, നാടുകാണി, ഗവി, ശബരിമല, നിലമ്പൂർ എന്നിവിടങ്ങളിലെ പാതയോരങ്ങളിലും കാണുന്നുണ്ട്. കർണാടകയിലെ അഗുംബെ, തമിഴ്‌നാട്ടിലെ വെള്ളരിമല എന്നിവിടങ്ങളിലും മനുഷ്യരുമായി സമ്പർക്കത്തിലുണ്ട്. ഫോട്ടോയെടുക്കാനും മറ്റുമായി ആളുകൾ ഇവയുടെ അടുത്തെത്തി ഭക്ഷണം കൊടുക്കുന്നു. കിട്ടാതാകുമ്പോൾ കൈയിൽ നിന്ന് തട്ടിപ്പറിക്കുന്നുമുണ്ട്. വനനിയമ ഭേദഗതിയിൽ വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് തടയാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തുന്നുണ്ട്.

വിനയായി മരംവെട്ടും

വാൽപ്പാറയിലെ പുതുത്തോട്ടത്ത് 1994 കാലത്ത് വൻതോതിൽ മരങ്ങൾ വെട്ടിമാറ്റി,പ്രദേശം വിനോദ സഞ്ചാരത്തിന് തുറന്നുകൊടുത്തു. ഇതോടെയാണ് ഇവ മനുഷ്യസമ്പർക്കത്തിലായത്. വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കളും തിന്നാൻ തുടങ്ങി. നിലവിൽ അഞ്ച് കൂട്ടങ്ങളിലായി 181 ഓളം സിംഹവാലൻ കുരങ്ങുകളെ ഇവിടെ സ്ഥിരമായി കാണാറുണ്ട്.

സമീപഭാവിയിൽ ഈ പ്രശ്‌നം സങ്കീർണ്ണമാകും. വീടുകൾ,വാഹനങ്ങൾ,കടകൾ എന്നിവയിലേക്ക് ഭക്ഷണത്തിനായി കടന്നാക്രമിക്കുന്നതും പതിവായിട്ടുണ്ട്.

ഡോ.ബാലകൃഷ്ണൻ പേരോത്ത്