vdo-

കുന്നംകുളം: അനധികൃത ബോർഡുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ കൗൺസിലർമാരുടെ പ്രതിഷേധത്തിന്റെ ഭാഗമായി ബോർഡ് മാറ്റുന്നത് തൽകാലികമായി ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കാൻ ആവശ്യപ്പെട്ട് ചെയർപേഴ്‌സൺ സെക്രട്ടറിക്ക് നൽകിയ കത്തിനെ ചൊല്ലി കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. കോൺഗ്രസ് കൗൺസിലർമാർ മുദ്രാവാക്യം വിളിച്ച് ചെയർപേഴ്‌സന്റെ ഡയസിന് മുമ്പിൽ പ്രതിഷേധിച്ചതോടെ അജണ്ടകൾ പാസാക്കിയതായി പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ സിത രവീന്ദ്രൻ കൗൺസിൽ യോഗം പിരിച്ചുവിട്ടു. നഗരത്തിലെ അനധികൃത ബോർഡുകൾ നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശത്തെ തുടർന്ന് മാറ്റുന്ന നടപടിക്കെതിരെ കോൺഗ്രസ് കൗൺസിലർ ലെബീബ്ഹസൻ ഉൾപ്പെടെയുള്ള കോൺഗ്രസ് കൗൺസിലർമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. അതിനെ തുടർന്ന് സർവകക്ഷി യോഗം വിളിച്ചുചേർത്ത ശേഷം തുടർനടപടികൾ സ്വീകരിക്കാമെന്ന് ധാരണയുടെ അടിസ്ഥാനത്തിൽ ബോർഡ് മാറ്റുന്നത് താൽക്കാലികമായി ഒരു ദിവസത്തേക്ക് നിർത്തിവയ്ക്കാനാണ് നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ സെക്രട്ടറിക്ക് കത്ത് നൽകിയത്.

കത്ത് കോടതി അലക്ഷ്യമെന്ന് ഹർജി

ബോർഡ് മാറ്റുന്നത് താൽക്കാലികമായി ഒരു ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ചെയർപേഴ്‌സൺ സെക്രട്ടറിക്ക് കത്ത് നൽകിയത് കോടതി അലക്ഷ്യമാണന്ന് കാണിച്ച് ഹൈക്കോടതിയിൽ കുന്നംകുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. സിബി രാജീവ് ഹർജി നൽകിയിരുന്നു. ഈ ഹർജി ജനുവരിയിൽ കോടതി പരിഗണിക്കാനിരിക്കെയാണ് ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർപേഴ്‌സനെതിരെ ലെബീബ് ഹസൻ പ്രതിഷേധവുമായി രംഗത്തുവന്നത്. കോടതിയലക്ഷ്യത്തിന് വിധേയയായ നഗരസഭാ ചെയർപേഴ്‌സൺ രാജിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്ക് തർക്കവും നടന്നു. ലെബീബ് ഹസൻ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുകയാണെന്ന് ചെയർപേഴ്‌സൺ സീത രവീന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചെയർമാൻ മോഹം തലയ്ക്ക് പിടിച്ചാണ് ഇദ്ദേഹം നടക്കുന്നത്. മുമ്പും ഇദ്ദേഹം തന്നെ വ്യക്തിപരമായി തേജോവധം ചെയ്യാൻ ശ്രമിച്ചിട്ടുണ്ടന്നും ചെയർപേഴ്‌സൺ സീത രവീന്ദ്രൻ സൂചിപ്പിച്ചു.

മുമ്പും ബോർഡുകൾ മാറ്റാനുള്ള ഉത്തരവ് വരാറുണ്ട്. രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ചേർന്നാണ് നടപടി എടുക്കാറുള്ളത്. ഇത്തവണ കൗൺസിലർമാർ പോലും അറിയാതെയാണ് കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബോർഡുകൾ നീക്കം ചെയ്തത്. ഈ സാഹചര്യത്തിൽ ചർച്ച നടത്താനാണ് താൽക്കാലികമായി ബോർഡ് മാറ്റുന്നത് നിർത്തിവയ്ക്കാൻ കത്ത് നൽകിയത്. കൗൺസിലർമാരെ ബോദ്ധ്യപ്പെടുത്തി ബോർഡുകൾ എടുത്ത് മാറ്റുന്നത് സംബന്ധിച്ച് നഗരസഭ സെക്രട്ടറിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്. അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ മറവിൽ ഫ്‌ളക്‌സ് ബോർഡുകൾ കീറി നശിപ്പിക്കുന്ന നടപടി ശരിയായില്ല.

-സീത രവീന്ദ്രൻ, കുന്നംകുളം നഗരസഭ ചെയർപേഴ്സൺ