ഇരിങ്ങാലക്കുട: പെട്രോൾ പമ്പ് ജീവനക്കാരന്റെ ആക്രമണത്തിൽ മധ്യവയസ്‌ക്കന് തലയ്ക്ക് പരിക്ക്. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ അവറാൻ പെട്രോൾ പമ്പിൽ ഗ്യാസ് നിറയ്ക്കാൻ വാഹനവുമായി എത്തിയ തൊമ്മാന വീട്ടിൽ ഷാന്റോ (52)ക്കാണ് അലുമിനിയം പൈപ്പ് കൊണ്ട് അടിയേറ്റത്. ഏറെ നേരം കാത്തുനിന്നിട്ടും വാഹനത്തിൽ ഗ്യാസ് നിറക്കാത്തതിനെ തുടർന്ന് ഷാന്റോ വാഹനം മുന്നിലേയ്ക്ക് കേറ്റിയിട്ടതിൽ പ്രകോപിതനായ പമ്പ് ജീവനക്കാരൻ മതിലകം കൂളിമുട്ടം സ്വദേശി കിള്ളികുളങ്ങര സജീവൻ (57) ഷാന്റോയുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷം രൂക്ഷമാകുകയും കമ്പി കൊണ്ട് സജീവൻ ഷാന്റോയുടെ തലയിൽ അടിക്കുകയുമായിരുന്നു. പമ്പ് ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.