
തൃശൂർ: ബിഷപ്പുമാർക്കൊപ്പമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്മസ് വിരുന്നിനെ പരിഹസിച്ച് ഓർത്തഡോക്‌സ് സഭ തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. 'അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തിൽ എന്തോ പറയുമല്ലോ' എന്നായിരുന്നു ഫേസ്ബുക്കിൽ പരിഹാസം.
പ്രധാനമന്ത്രി നടത്തിയത് നാടകമാണ്. ആർ.എസ്.എസ് ന്യൂനപക്ഷങ്ങളെ അംഗീകരിക്കില്ല. നാടകം തന്നെയാണ് മണിപ്പൂരിലും നടക്കുന്നത്. അല്ലെങ്കിൽ പ്രധാനമന്ത്രി മണിപ്പൂരിൽ പോകുമായിരുന്നു. ബി.ജെ.പി സർക്കാർ ന്യൂനപക്ഷങ്ങൾക്കെതിരായ നടപടി പല തലങ്ങളിൽ പല ശൈലിയിൽ നടപ്പാക്കുന്നു. ഡൽഹിയിൽ പ്രധാനമന്ത്രി സി.ബി.സി.ഐ ആസ്ഥാനത്തുപോയി പുൽക്കൂട്ടിൽ പുഷ്പാർച്ചന നടത്തിയ അതേസമയത്താണ്, അദ്ദേഹത്തിന്റെ പാർട്ടി പാലക്കാട് രണ്ട് സ്‌കൂളുകളിൽ പുൽക്കൂട് നശിപ്പിക്കുകയും അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തത്. ഇത് ഈ രാജ്യത്ത് സവർണ ഹിന്ദുക്കൾ അല്ലാതെ മറ്റാരും പാടില്ലെന്ന അജൻഡയുടെ ഭാഗമാണ്. അങ്ങനെ അല്ലാത്തവർ ഒന്നുകിൽ പുറത്തുപോവുകയോ അല്ലെങ്കിൽ അടിമകളായി ജീവിക്കുകയോ ചെയ്യണമെന്നതാണ്. പക്ഷേ അത് എളുപ്പത്തിൽ നടപ്പിലാക്കാൻ സാധിക്കില്ല. തന്ത്രത്തിലൂടെ മാത്രമേ സാധിക്കൂ. ആ തന്ത്രമാണ് പ്രധാനമന്ത്രി നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആരോപിച്ചു.
 പാലക്കാട്ടേത് ഒറ്റപ്പെട്ട സംഭവം: ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ
പാലക്കാട്ട് ക്രിസ്മസ് പുൽക്കൂട് തകർത്ത സംഭവം ഒറ്റപ്പെട്ടതാണെന്ന് ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. വിഷയത്തിൽ കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വാക്കുകൾ മുഖവിലയ്ക്ക് എടുക്കുകയാണ്. മറ്റ് വിവാദത്തിന്റെ ആവശ്യമില്ല. ഇത് സംബന്ധിച്ച് തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്തായുടെ വാക്കുകൾ വ്യക്തിപരമാണ്. ക്രിസ്മസ് ആഘോഷം തടയുന്നത് ഉൾപ്പെടെ ക്രൈസ്തവർക്കുനേരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും ആശങ്കയുളവാക്കുന്നതാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂര നിലപാടാണ് സഭയ്ക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.