
തൃശൂർ: മെഡിക്കൽ കോളേജിൽ 23 മാസത്തിന് ശേഷം എച്ച്.ഡി.എസ് യോഗം ചേരുന്നു. 31ന് വൈകിട്ട് 3.30ന് മെഡിക്കൽ കോളേജിലാണ് യോഗം. മൂന്നു മാസത്തിലൊരിക്കൽ ചേരേണ്ട യോഗമാണ് വിവിധ കാരണങ്ങളാൽ രണ്ട് വർഷത്തിലേറെയായി ചേരാതിരുന്നത്. വരാൻ പോകുന്ന എച്ച്.ഡി.എസ് യോഗം പ്രക്ഷുബ്ധമായേക്കുമെന്നാണ് സൂചന. എച്ച്.ഡി.എസ് യോഗം ചേരാത്തതിൽ വ്യാപക പ്രതിഷേധം എതാനും മാസങ്ങളായി നടക്കുന്നുണ്ട്. പുതിയ ജില്ലാ കളക്ടർ സ്ഥാനമേറ്റ ശേഷം എച്ച്.ഡി.എസ് യോഗം വിളിച്ച് ചേർക്കാൻ നടപടികൾ സ്വീകരിക്കുകയായിരുന്നു. യോഗം ചേരാത്തത് മൂലം എച്ച്.ഡി.എസ് വഴി നടപ്പിലാക്കേണ്ട കാര്യങ്ങൾ എക്‌സിക്യുട്ടീവ് ചേർന്ന് തീരുമാനിക്കുകയാണ് ചെയ്തിരുന്നത്. എക്‌സിക്യുട്ടീവ് ചേർന്ന് എടുക്കുന്ന തീരുമാനങ്ങൾ എച്ച്.ഡി.എസ് ജനറൽ ബോഡി വിളിച്ച് അംഗീകാരം നേടണമെന്നാണ് നിയമം.
എച്ച്.ഡി.എസിലെ എല്ലാ അംഗങ്ങളുടെയും സൗകര്യം ലഭിക്കാത്തതും മറ്റ് സാങ്കേതിക വിഷയങ്ങളുമാണ് കൃത്യസമയങ്ങളിൽ യോഗം ചേരാൻ സാധിക്കാത്തതെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ കുറെ നാളുകളായി എച്ച്.ഡി.എസ് വിഭാഗത്തിൽ വ്യാപകമായ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. മുൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ പത്ത് ലക്ഷത്തിലേറെ രൂപയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു. തുടർന്ന് കുറ്റക്കാരയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്കും ഡി.എം.ഇയ്ക്കും റിപ്പോർട്ട് നൽകിയിരുന്നെങ്കിലും തുടർ നടപടികൾ ഉണ്ടായിരുന്നില്ല. ഇതെല്ലാം വരാൻ പോകുന്ന യോഗത്തിൽ ചർച്ചയായേക്കും.
എച്ച്.ഡി.എസ് അംഗങ്ങൾ
ജില്ലയിൽ നിന്നുള്ള എം.പിമാർ
എം.എൽ.എമാർ
മറ്റ് ജനപ്രതിനിധികൾ
രാഷ്ട്രീയപാർട്ടി പ്രതിനിധികൾ
മെഡിക്കൽ കോളേജിനോടുള്ള അവഗണനയ്ക്കെതിരെ ഉപവാസം
മെഡിക്കൽ കോളേജിനോട് സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരെ ആശുപത്രി പരിസരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ 27ന് ഉപവാസം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിരവധി കെട്ടിടങ്ങൾ പണികഴിച്ച് പ്രവർത്തനം തുടങ്ങാതെ കാടുപടലും പിടിക്കുകയാണ്. ആശുപത്രിയിൽ നിന്ന് ഡിഡ്ചാർജ് ചെയ്താലും 36 മണിക്കൂർ കഴിഞ്ഞ ശേഷമാത്രമെ മരുന്നുൾപ്പടെ വാങ്ങി പോകാൻ സാധിക്കുന്നുള്ളുവെന്നും നേതാക്കൾ ആരോപിച്ചു. എച്ച്.ഡി.എസ് വിഭാഗവും കുത്തഴിഞ്ഞ് കിടക്കുകയാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ച് സമാപന സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ വിപിൻ വടേരിയാട്ടിൽ, പി.ജി.ജയദീപ്, ലീല രാമകൃഷ്ണൻ, പി.വി.ബിജു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മെഡിക്കൽ കോളേജ് ആരംഭിക്കുന്ന കാലത്തെ സ്റ്റാഫ് പറ്റേണാണ് നിലനിൽക്കുന്നത്. കലാനുസൃതമായി ഇത് പരിഷ്‌കരിക്കണം
( രാജേന്ദ്രൻ അരങ്ങത്ത്, എച്ച്.ഡി.എസ് അംഗം)