 
മാള: കുഴൂരിലെ പോളക്കുളം നക്ഷത്രത്തടാകത്തിൽ ആയിരം വർണ നക്ഷത്രങ്ങൾ മിഴി തുറന്നു. കുഴൂർ പോളക്കുളം കൂട്ടായ്മ രൂപം കൊടുത്ത നക്ഷത്രത്തടാകം 2 കെ 24 പരിപാടിയുടെ ഭാഗമായാണ് മൂന്ന് ഏക്കർ വിസ്തൃതിയുള്ള പോളക്കുളത്തിൽ നക്ഷത്രങ്ങൾ വെട്ടിത്തിളങ്ങുന്നത്. ഇന്നലെ വൈകീട്ടാണ് പ്രൗഢഗംഭീരമായ സദസിൽ പരിപാടിയുടെ ഉദ്ഘാടനം നടന്നു. പോളക്കുളം സൗന്ദര്യവത്കരണം പൂർത്തിയാക്കി രണ്ട് വർഷം മുമ്പാണ് പോളക്കുളം കൂട്ടായ്മ ഇത്തരമൊരു പരിപാടിക്ക് രൂപം നൽകിയത്. 31 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ വർണ നക്ഷത്ര അലങ്കാരം, സംഗീതം, നൃത്തം, നാടകം സ്റ്റേജ് ഷോകൾ, സാംസ്‌കാരിക സായാഹ്നം, ഫുഡ് കൗണ്ടറുകൾ, എന്റർടൈം പ്രോഗ്രാമുകൾ, സെൽഫി കോർണർ, വിവിധ മത്സരങ്ങൾ എന്നിവ ഉൾപ്പെടും. പോളക്കുളം കൂട്ടായ്മ ജന. കൺവീനർ പ്രിൻസൻ ജോസ്, പ്രസിഡന്റ് പി.ടി. സന്തോഷ്‌കുമാർ, സെക്രട്ടറി വർഗീസ് മുക്കണ്ണിക്കൽ, ട്രഷറർ ജോൺസൺ കാച്ചപ്പിള്ളി, പി.കെ. സോജൻ എന്നിവരാണ് പോളക്കുളം കൂട്ടായ്മയ്ക്ക് ചുക്കാൻ പിടിക്കുന്നത്.
ജാതിഭേദമന്യേ എല്ലാവരിലും സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും സന്ദേശം പകരാനാണ് ലക്ഷ്യമിടുന്നത്.
- പോളക്കുളം കൂട്ടായ്മ