 
കൊടുങ്ങല്ലൂർ : അപകടങ്ങൾക്ക് പരിഹാരമായി പടാകുളം പി.ഡബ്ല്യു.ഡി റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. പടാകുളം മുതൽ ശൃംഗപുരം ഗവ. പി. ഭാസ്‌കരൻ സ്മാരക ഹയർ സെക്കൻഡറി സ്‌കൂളിന്റെ പിറകുവശം വരെയുള്ള റോഡിന്റെ വശങ്ങളാണ് 254 മീറ്റർ ദൂരം ഒരു മീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നത്. റോഡിന് ഇരുവശവും കാനയില്ലാത്തതിനാൽ മഴക്കാലത്ത് വശങ്ങളിലെ മണ്ണ് കുത്തിയൊലിച്ച് പോയി പ്രതലത്തിന് മുകളിലാണ് റോഡ് ഇപ്പോൾ സ്ഥിതി ചെയ്യുന്നത്. റോഡിന്റെ ഇരുവശങ്ങളിൽ നിന്നും വാഹനങ്ങൾ വരുന്നതിനിടയിൽ ഇരുചക്ര വാഹന യാത്രക്കാർ കാലുകുത്തുമ്പോൾ വണ്ടി മറിഞ്ഞ് വീണ് പരിക്കേൽക്കുന്നത് പതിവായിരുന്നു. കാൽനടയാത്രക്കാർ റോഡിന്റെ വശങ്ങളിലൂടെ ഇറങ്ങി നടക്കേണ്ടതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് വരുന്ന കുട്ടികൾ ഉൾപ്പെടെ നിരവധിപേർ ഇവിടെ അപകടത്തിൽപെട്ടിട്ടുണ്ട്. റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്യുകയോ ടൈൽ പാകുകയോ ചെയ്യണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിരുന്നു. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്യുന്നതോടെ ഇരുചക്രവാഹന യാത്രക്കാരുടെയും കാൽനട യാത്രക്കാരുടെയും ദുരിതത്തിന് അറുതിയാകും.
സഞ്ചരിക്കുന്നത് നിരവധിപേർ
നൂറുകണക്കിന് വാഹനങ്ങളാണ് ഈ റോഡിലൂടെ പോകുന്നത്. ദേശീയപാത നിർമ്മാണത്തിനായി കൊടുങ്ങല്ലൂർ ബൈപാസിലൂടെയുള്ള ഗതാഗതം ഭാഗികമായി തടഞ്ഞിരിക്കുകയാണ്. ഇതേത്തുടർന്ന് പടാകുളം റോഡിൽ എപ്പോഴും വാഹന തിരക്കാണ്. 2500 ഓളം കുട്ടികളാണ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നത്. അതിലേറെ കുട്ടികളും വരുന്നത് ഈ റോഡിലൂടെയാണ്. സമീപത്തെ മൃഗാശുപത്രിയിലേക്കും നിരവധി ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്.
നിർമ്മാണം പി.ഡബ്ല്യു.ഡി ഫണ്ടുപയോഗിച്ച്
പി.ഡബ്ല്യു.ഡി മെയിന്റനൻസ് ഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്യുന്നത്. മോടിയുള്ള മെറ്റീരിയലാണ് ഇതിനായി ഉപയോഗിക്കുന്നത്. സിമന്റ്, ഫ്‌ളൈ ആഷ്, വെള്ളം, മണൽ, അഗ്രഗേറ്റ്, അഡിറ്റീവുകൾ എന്നിവ ഉൾക്കൊള്ളുന്ന കോൺക്രീറ്റിന്റെ പ്രത്യേക മിശ്രിതം ഉപയോഗിച്ചാണ് വശങ്ങൾ നിർമ്മിക്കുന്നത്.