പാർളിക്കാട് : മാനവിക മൂല്യങ്ങളുടെ സമ്പൂർണ ഭാവമാണ് ശ്രീകൃഷ്ണഭഗവാനെന്നും അടുത്തറിയുമ്പോൾ ജീവിതം ധന്യമാകുമെന്നും സ്വാമി നിഗമനന്ദ തീർത്ഥ. തത്ത്വചിന്താ പദ്ധതികളാണ് ഭാഗവതത്തിന്റെ ഉള്ളടക്കം. ഭാഗവതോപാസന മനുഷ്യനെ ഉത്തമ വ്യക്തിത്വത്തിനുടമയാക്കുമെന്നും കൂട്ടി ചേർത്തു. നൈമിഷാരണ്യത്തിൽ നടക്കുന്ന പരമതത്ത്വസമീക്ഷാ സത്രത്തിൽ അത്ഭുത ബാലന്റെ അവതാര വിശേഷം എന്ന വിഷയത്തിൽ തത്ത്വ പ്രവചനം നടത്തു കയായിരുന്നു സ്വാമി. വിരാഡ്രൂപിയ്ക്കു മുമ്പിൽ നിലംപൊത്തിയ ദൈത്യഗർവം - ഗുരുവായൂർ പ്രഭാകർ, ഉത്തമപാതിവ്രത്യപ്രഭയിൽ സുകന്യ സ്വാമി പൂർണാനന്ദതീർത്ഥ ,കർമ്മകുശലനായ പരശുരാമൻ' കോമളം ആർ. മേനോൻ, ഭോഗാനന്ദം വിട്ട് യോഗാനന്ദം വരിച്ച യയാതി സ്വാമി ധർമ്മാനന്ദ എന്നിവരും തത്ത്വ പ്രവചനങ്ങൾ നടത്തി. തുടർന്ന് കൃഷ്ണജന്മോത്സവം നടന്നു. വെള്ളത്തിരുത്തി ശ്രീകൃഷ്ണക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര ഉണ്ടായി. സ്വാമി ഭൂമാനന്ദതീർത്ഥ , സ്വാമിനിമാ ഗുരുപ്രിയ നേതൃത്വം നൽകി. ഭജന,നൃത്തനൃത്യങ്ങൾ നടന്നു. നൈമിഷാരണ്യത്തിൽ നാളെ രാവിലെ 9 മണി മുതൽ 10.15 വരെ കുമാരി പി.ദേവനന്ദയുടെ തത്ത്വ പ്രവചനം നടക്കും. പാലക്കാട് മഞ്ഞപ്ര സ്വദേശിനിയും മലമ്പുഴ നവോദയ 9-ാം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. സ്വയംവര ഘോഷയാത്രയും നടക്കും.