
തൃശൂർ: ക്രിസ്മസിനെ വരവേറ്റ് നാട്. ഇന്ന് ക്രിസ്മസ്. കഴിഞ്ഞ എതാനും ദിവസങ്ങളിൽ അനുഭവപ്പെട്ട തിരക്ക് ഇന്നലെ കൂടുതലായി. മത്സ്യ മാംസ മാർക്കറ്റുകളിൽ വൻ തിരക്കനുഭവപ്പെട്ടു. നാട് നിറയെ കരോൾ സംഘങ്ങൾ നിറഞ്ഞു. പാപ്പാമാരുടെ വേഷം ധരിച്ച് വാദ്യമളങ്ങളോടെ ചെറുസംഘങ്ങൾ വീടുകൾ കയറിയിറങ്ങി ക്രിസ്മസിന്റെ വരവറിയിച്ചു. പള്ളികളിൽ രാത്രി ക്രിസ്തുവിന്റെ തിരുപിറവിയറിച്ച് പാതിര കുർബ്ബാനകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ക്രിസ്മസ് ഫെയറകളിലും വസ്ത്രവ്യാപാര സ്ഥാപനങ്ങളിലും വൻതിരക്കാണ് അനുഭവപ്പെട്ടത്.
മത്സ്യ മാംസ വിപണിയിൽ വൻ തിരക്ക്
കഴിഞ്ഞ മൂന്നാഴ്ചക്കാലം തിരക്കൊഴിഞ്ഞ മത്സ്യ മാർക്കറ്റുകളാണ് ക്രിസ്മസ് അടുത്തതോടെ സജീവമായത്. പതിവ് വർഷങ്ങളേക്കാൾ അപേക്ഷിച്ച് മീനിനും ഇറച്ചിയ്ക്കും കാര്യമായി വില ഉയരാത്ത പശ്ചാത്തലത്തിൽ ഇവ തേടിയെത്തതെന്നുവരുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായത്. മുനമ്പം, ചാവക്കാട്, ചേറ്റുവ എന്നിവിടങ്ങളിൽ നിന്നാണ് മീനുകൾ ജില്ലയിൽ എത്തുന്നത്. എന്നാൽ ഇന്നും നിലവിൽ ക്രിസ്മസ് കാലത്ത് തീൻ മേശയ്ക്ക് മുകളിലെത്തുന്ന വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത മീൻ കറി, ഫ്രൈ എന്നിവയ്ക്കായുള്ള നുറുക്ക് മീനുകളിൽ ഇത്തവണ ഡിമാൻഡ് വറ്റയ്ക്കും പൂമീനും ആണെന്ന് കച്ചവടക്കാർ പറഞ്ഞു. ഇവയിൽ പൂമീൻ കിലോ 300 രൂപയും വറ്റ 500 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ഇവയ്ക്ക് പുറമെ ഏരി 300, വരയൻ 150, കരിമീൻ 200 മുതൽ, ചൂര 200 എന്നിവയ്ക്കും ആവശ്യക്കാരെറെയാണ്. മാംസ വിപണിയിലും ഇതേ നിലപാടാണ് കച്ചവടക്കാർക്ക് പറയാനുള്ളത്. ഇറച്ചി കോഴി കച്ചവടസ്ഥാപനങ്ങളിലും തിരക്ക് അനുഭവപ്പെട്ടു. പോത്തിറച്ചി 420, ആട് 800, മൂരി, പശു, പോർക്ക് 400 എന്നിങ്ങനെയായിരുന്നു വില.