തൃപ്രയാർ: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടുന്ന ദിവ്യജ്യോതി പ്രയാണത്തിന് എടമുട്ടം ഭദ്രാചല സുബ്രഹ്മണ്യ ക്ഷേത്രാങ്കണത്തിൽ സ്വീകരണം നൽകും. 28ന് ഉച്ചയ്ക്ക് 1.30നാണ് ജ്യോതിപ്രയാണം എടമുട്ടത്തെത്തുക. തീർത്ഥാടന മഹാമഹ വിജ്ഞാനവേദിയിൽ ഭദ്രദീപം കൊളുത്തുന്നതിനുള്ളതാണ് ദിവ്യജ്യോതി. ഗുരുദേവൻ പ്രതിഷ്ഠാകർമ്മം നിർവഹിച്ച തലശ്ശേരി ജഗന്നാഥക്ഷേത്ര ശ്രീകോവിലിൽ നിന്നും പകർന്ന ദിവ്യജ്യോതിയാണ് ശിവഗിരിയിലേക്ക് പ്രയാണമാരംഭിച്ചത്. വിവിധ ക്ഷേത്രങ്ങൾ, ശ്രീനാരായണ മഠങ്ങൾ, ശ്രീനാരായണ പ്രസ്ഥാനങ്ങൾ തുടങ്ങിയവയുടെ സ്വീകരണം എറ്റുവാങ്ങിയാണ് എടമുട്ടത്തെത്തുന്നത്. ശ്രീനാരായണ ഗുരുവിന്റെ പാദസ്പർശത്താൽ പവിത്രമായ സങ്കേതമാണ് എടമുട്ടം ക്ഷേത്രസന്നിധി. ഗുരു സംസ്ഥാപനം ചെയ്ത് നിർവഹിച്ചിട്ടുള്ള ഒരു വേല് ഭദ്രാചല സുബ്രഹ്മണ്യക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. 29ന് വൈകിട്ട് ശിവഗിരി മഹാസമാധിയിൽ സന്യാസി ശ്രേഷ്ഠൻമാരും ഭക്തജനങ്ങളും ചേർന്ന് ദിവ്യജ്യോതിയെ സ്വീകരിക്കും.