
വന്ധ്യംകരണം നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും ജില്ലയിലെ തെരുവുകളിൽ നായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. വന്ധ്യംകരണ കേന്ദ്രങ്ങൾ ഇപ്പോഴും വളരെ കുറവ്. നായ്ക്കളുടെ കടിയേൽക്കുന്നത് വാർത്തയും പ്രതിഷേധവുമാകുമ്പോഴാണ് പല തദ്ദേശസ്ഥാപനങ്ങളും കേന്ദ്രങ്ങളെക്കുറിച്ച് ആലോചിക്കുന്നത്. ഇനി കേന്ദ്രം തുടങ്ങാൻ തീരുമാനിച്ചാൽ സ്ഥലം കിട്ടാത്ത പ്രശ്നവുമുണ്ട്. സ്ഥലം കിട്ടിയാൽ തന്നെ പ്രാദേശികമായ എതിർപ്പുകളും ഉയരും. എന്തുതന്നെ എതിർപ്പുകളുണ്ടായാലും വന്ധ്യംകരണ കേന്ദ്രങ്ങൾ ഏറെ അനിവാര്യമാകുന്ന സമയമാണിത്. ആലപ്പുഴയിൽ വൃദ്ധയെ നായ്ക്കൾ കടിച്ചുകൊന്നതിന് പിന്നാലെ തൃശൂരിലും പലയിടങ്ങളിലായി ആക്രമണമുണ്ടായി.
ചാവക്കാടും മാളയിലും വന്ധ്യംകരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നുവെന്നതാണ് തൃശൂരിലെ ആശ്വാസം. ചാവക്കാട് നഗരസഭയ്ക്ക് കീഴിലെ കേന്ദ്രം ഫെബ്രുവരിയിലും മാള ബ്ലോക്കിൽ നാലുമാസത്തിനുളളിലും തുറക്കും. എന്നാൽ വടക്കാഞ്ചേരി നഗരസഭയിൽ ആരംഭിക്കാൻ ലക്ഷ്യമിട്ടിരുന്നെങ്കിലും നടപ്പായില്ല. പല സ്ഥലങ്ങളിലും പ്രാദേശിക എതിർപ്പുകൾ മൂലം സ്ഥലം കണ്ടെത്താൻ സാധിച്ചിട്ടില്ല. ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണ് വടക്കാഞ്ചേരി ഉൾപ്പെടെ മൂന്നിടങ്ങളിലും എ.ബി.സി. കേന്ദ്രങ്ങൾ തുടങ്ങുന്നത്. മൂന്നു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ തീരുമാനിച്ചെങ്കിലും പല കാരണങ്ങളാൽ വൈകി. ചാവക്കാട് മൃഗാശുപത്രിയോട് ചേർന്നുളള കേന്ദ്രം നിർമ്മാണം ഏകദേശം പൂർത്തിയായി. മാളയിൽ അമ്പത് ശതമാനത്തിലേറെ പണി കഴിഞ്ഞു.
നായകളെ പാർപ്പിക്കാനുളള കൂടുകൾ അമ്പതെണ്ണമെങ്കിലും ഒരു കേന്ദ്രത്തിൽ വേണം. ഓപ്പറേഷൻ തിയേറ്റർ, പ്രീ ഓപ്പറേറ്റീവ് വാർഡ്, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡ്, കിച്ചൻ, വാഷ് റൂം, നായകളെ കൊണ്ടുവിടാൻ വാഹനം, ഡോക്ടറും നഴ്‌സും അറ്റൻഡറും അടക്കം അഞ്ച് ജീവനക്കാർ എന്നിവയും ഉണ്ടാകണം. 
ഒരു നായയെ വന്ധ്യംകരിച്ച് പുനരധിവസിപ്പിക്കാൻ ചെലവ് 2100 രൂപയാണ്. തെരുവുനായകളുടെ നിയന്ത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടേതാണെങ്കിലും അതിനുളള സഹായം നൽകാൻ തൃശൂർ ജില്ലാ പഞ്ചായത്ത് തയ്യാറാണ്. പ്രാദേശികമായ എതിർപ്പുകൾ പലയിടത്തുമുണ്ട്. അമ്പത് സെന്റെങ്കിലും സ്ഥലമുണ്ടെങ്കിൽ കേന്ദ്രം തുടങ്ങാനാവുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് പറയുന്നു. 
അവധിക്കാലത്ത് നിറഞ്ഞ് മാലിന്യം
ക്രിസ്മസ്, പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നഗരകേന്ദ്രങ്ങളിൽ കുന്നുകൂടിയതോടെ ഇവ ഭക്ഷിക്കുന്നതിനായ് തെരുവുനായകൾ തമ്പടിക്കുകയാണ്. രാത്രി കാലങ്ങളിലാണ് ശല്യം രൂക്ഷമാകുന്നത്. തൃശൂരിൽ കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും മാർക്കറ്റുകളിലും നായകളുടെ എണ്ണം വർദ്ധിച്ചു.
എന്തായാലും ആക്രമകാരികളായ തെരുവുനായ്ക്കളുടെ ശല്യം കൂടുന്നത് വന്ധ്യംകരണത്തിലെ പരാജയമാണെന്ന ആക്ഷേപത്തിന് ശക്തി കൂടുകയാണ്. പകൽസമയത്ത് അലഞ്ഞുതിരിയുന്ന നായ്ക്കൾ അക്രമകാരികളല്ല. വന്ധ്യംകരിച്ചു കഴിഞ്ഞാൽ നായ്ക്കളുടെ അക്രമാസക്തി പൊതുവേ കുറയുമെന്നായിരുന്നു നിഗമനം. പക്ഷേ, ആ കണക്കുകൂട്ടലും നഷ്ടപ്പെട്ട നിലയിലാണ്. രാത്രിയിൽ നായ്ക്കളെ പേടിച്ചാണ് യാത്രക്കാർ കടന്നുപോകുന്നത്.
മാതൃകകളുണ്ട്
തൃശൂർ കോർപ്പറേഷന്റെ കീഴിലുളള പറവട്ടാനി കേന്ദ്രത്തിൽ വന്ധ്യംകരണം നടപ്പാക്കുന്നുണ്ട്. അത് സംസ്ഥാനത്തിന് തന്നെ മാതൃകയായിരുന്നു. ആയിരക്കണക്കിന് നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിച്ചത്. പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ തെരുവുനായ്ക്കളെ പിടികൂടിയാണ് നിലവിലുള്ള മൃഗാശുപത്രിയോട് ചേർന്ന് തുടങ്ങുന്ന കേന്ദ്രങ്ങളിലെത്തിക്കുക. ഡോക്ടർ അടക്കമുള്ള സംഘം വന്ധ്യംകരണം നടത്തിയ ശേഷം നായ്ക്കളെ നിരീക്ഷണ കേന്ദ്രത്തിൽ പാർപ്പിക്കും.
തെരുവുനായ്ശല്യം നിയന്ത്രിക്കാൻ അനിമൽ ബർത്ത് കൺട്രോൾ പ്രോഗ്രാമിന്റെ (എ.ബി.സി) മേൽനോട്ട ചുമതല ജില്ലാ പഞ്ചായത്തുകൾക്ക് നൽകിയിരുന്നു. ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്തുകളുടേയും നഗരസഭ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനാവശ്യമായ പണം തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ച് ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ജില്ലാ പഞ്ചായത്തിന് നൽകണം. ഇതു സംബന്ധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് കഴിഞ്ഞവർഷം ഉത്തരവിറക്കിയിരുന്നു.
ജില്ലാ പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾക്ക് സ്വന്തം നിലയിലും പദ്ധതി നടപ്പാക്കാം. അതിന് രണ്ട് ബ്ലോക്കുകൾക്ക് ഒരെണ്ണം എന്ന നിലയിൽ ഓപ്പറേഷൻ തിയേറ്റർ ഒരുക്കണം. ശസ്ത്രക്രിയ കഴിഞ്ഞ് ആൺ നായയെ നാലു ദിവസവും പെൺ നായയെ അഞ്ചു ദിവസവും ഷെൽട്ടറിൽ പാർപ്പിച്ച് ആരോഗ്യം ഉറപ്പാക്കി പിടിച്ചിടത്ത് തിരിച്ചെത്തിക്കണം തുടങ്ങിയവയെല്ലാമായിരുന്നു നിർദ്ദേശങ്ങൾ.
മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ ഹോട്ട്‌സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് വാക്‌സിനേഷൻ ഊർജ്ജിതമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മുൻവർഷങ്ങളിൽ നിർദ്ദേശം നൽകിയിരുന്നു. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി മാറ്റിപ്പാർപ്പിക്കാൻ ജില്ലാ തലങ്ങളിൽ ആനിമൽ ഷെൽട്ടറുകൾ സ്ഥാപിക്കാനുള്ള ശ്രമവുമുണ്ടായിരുന്നു. എല്ലാ ബ്ളോക്കിലും ഒന്നുവീതം വന്ധ്യംകരണ കേന്ദ്രങ്ങൾ തുടങ്ങുക എന്നതായിരുന്നു ലക്ഷ്യമിട്ടിരുന്നത്. കെട്ടിടവും വാഹനവും ജീവനക്കാരും അടക്കമുള്ള സൗകര്യം ലഭ്യമാക്കാനുള്ള തടസമാണ് പലയിടത്തെയും പ്രവർത്തനം നിലച്ചതിനു പിന്നിൽ.
വലിച്ചെറിയുന്ന
ഭക്ഷണം അപകടം
ഭക്ഷണം കിട്ടാത്ത സ്ഥലങ്ങളിൽ നിന്ന് തെരുവുനായ്ക്കൾ മാലിന്യമുള്ള സ്ഥലങ്ങളിലേക്ക് വന്നുചേരും. ഭക്ഷണാവശിഷ്ടങ്ങൾ തെരുവിൽ കുമിയുന്തോറും നായ്ക്കളുടെ എണ്ണവും കൂടും. പ്രകോപനം ഉണ്ടാക്കുമ്പോഴാണ് തെരുവുനായ്ക്കൾ അക്രമിക്കുന്നതെന്നും പേ പിടിച്ച നായ്ക്കൾ കണ്ടവരെയെല്ലാം കടിക്കുമെന്നും മൃഗസംരക്ഷണ വിദഗ്ദ്ധർ പറയുന്നു.
തെരുവ് നായ്ക്കുട്ടികളിലെ ഏർളി ന്യൂട്ടറിംഗ് ഇൻ ഡോഗ്‌സ് (എൻഡ്) 13 വർഷം മുൻപ് ഫലം കണ്ട പദ്ധതിയായിരുന്നു. പെൺനായ്ക്കളിൽ അണ്ഡാശയം നിലനിറുത്തുകയും ഗർഭപാത്രത്തിന്റെ ട്യൂബുകൾ മുറിച്ചു മാറ്റുകയും ആൺനായ്ക്കളിൽ വാസക്ടമിയിലൂടെ ബീജത്തിന്റെ പ്രവാഹം തടയുകയും ചെയ്യുന്ന പദ്ധതിയാണിത്. തെരുവുനായ്ക്കുട്ടികളെ വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവയ്പ് കൊടുത്ത് വീട്ടിൽ വളർത്താൻ നൽകി തെരുവുനായ് നിയന്ത്രണം ഫലപ്രദമാക്കാനാകും. പക്ഷേ, പല കാരണങ്ങളാൽ ഇത് തുടക്കത്തിലേ നിറുത്തി.
ഈ പദ്ധതി നടപ്പാക്കാനുള്ള പ്രായം എട്ട് മുതൽ 12 ആഴ്ച വരെയാണ്. പൂർണ്ണമായും ഫലപ്രദമാകാൻ അഞ്ച് വർഷം മതി. പദ്ധതി 2010ൽ തുടങ്ങി 2012ൽ 50 നായ്ക്കളിൽ നടപ്പാക്കിയെങ്കിലും പിന്നീട് നിലയ്ക്കുകയായിരുന്നു. 1994 മുതൽ നടപ്പാക്കിയ എ.ബി.സി ഫലം കാണാതെ വന്നപ്പോഴാണ് എൻഡ് പരീക്ഷിക്കാൻ തീരുമാനിച്ചത്. ഇത് വിജയം കണ്ടിട്ടും എന്തുകൊണ്ട് തുടർന്നില്ല എന്ന ചോദ്യത്തിന് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ഉത്തരമില്ല.