വടക്കാഞ്ചേരി: എം.ടി.വാസുദേവൻ നായർ വിടപറയുമ്പോൾ വടക്കാഞ്ചേരിക്കും മനസിൽ സൂക്ഷിക്കാൻ ഒരുപാട് ഒാർമകളുണ്ട്. സമൂഹത്തിന്റെ സമസ്ത മേഖലകളിലും കെെയൊപ്പ് വച്ച അണ്ടേങ്ങാട്ടിൽ വേണുഗോപാലിന് എം.ടിയുമായുള്ള ബന്ധം ജീവിതത്തിൽ വലിയൊരു സുകൃതമാണ്. നിർമ്മാതാവ് ശോഭനാ പരമേശ്വരൻ നായരുടെ ജീവിതം സിനിമയുടെ കാൽപ്പാടുകൾ എന്ന പുസ്തക രൂപത്തിൽ പുറത്തിറക്കിയപ്പോൾ അവതാരികയെഴുതിയത് എം.ടിയായിരുന്നു. പ്രകാശനച്ചടങ്ങിൽ വേണുഗോപാലിന്റെ പ്രസംഗത്തിന് എം.ടി നൽകിയ കെെയടി ഇന്നും അദ്ദേഹം മനസിൽ സൂക്ഷിക്കുന്നു.

സാഹിത്യകാരൻ നടുത്തറ സ്വദേശി നിർമാല്യത്തിൽ പി. ശങ്കരനാരായണൻ എം.ടിക്ക് ദൈവതുല്യനാണ്. റിട്ട. ഗവ. എൻജിനീയറായ ശങ്കരനാരായണൻ സാഹിത്യ മേഖലയിൽ എത്തിപ്പെടുന്നതിന് വഴിവച്ചത് എം.ടിയാണ്. ഞാറ്റുവേല എന്ന ശങ്കരനാരായണന്റെ പുസ്തകത്തിന് അവതാരിക എഴുതി പ്രകാശനം ചെയ്തതും എം.ടിയാണ്. അണ്ടേങ്ങാട്ടിൽ വേണുഗോപാലാണ് ആദ്യ കോപ്പി ഏറ്റുവാങ്ങിയത്.

എം.ടിക്ക് വായനശാല നൽകിയ പണക്കിഴി ഇന്നും അമൂല്യ നിധി

വടക്കാഞ്ചേരി: എം.ടിക്ക് കേരള വർമ പൊതു വായനശാല നൽകിയ പണക്കിഴി ഇന്നും അമൂല്യ നിധിയാണെന്ന് പല വേദികളിലും അദ്ദേഹം പരസ്യമായി പറഞ്ഞത് ഈ നാടിനെ സ്‌നേഹിക്കുന്നുവെന്നതിന്റെ സാക്ഷിപത്രമാണ്. കേരളവർമ്മയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ജ്ഞാനപീഠ പുരസ്‌കാര ജേതാക്കളായ എം.ടിക്കും, ഒ.എൻ.വി കുറുപ്പിനും വായനശാല പണക്കിഴി നൽകിയത്. സ്വർണവർണ നിറത്തിലുള്ള ഉരുളിയിൽ അതേ നിറത്തിലുള്ള 5 രൂപ നാണയങ്ങൾ നിറച്ചായിരുന്നു സമർപ്പണം. അതിൽനിന്ന് ഒരു നാണയും പോലും എടുക്കാതെ ഇപ്പോഴും സൂക്ഷിച്ചിട്ടുള്ളതായി എം.ടി വ്യക്തമാക്കിയിട്ടുണ്ട്.