തൃശൂർ: അസഹിഷ്ണുതയും രാഷ്ട്രീയത്തിലെ നെറികേടും കാലത്തിനു മീതേ തലപൊക്കിയപ്പോൾ എം.ടി സ്വരം കടുപ്പിച്ച് പറഞ്ഞു, എഴുത്തുകാരൻ നിശബ്ദനാകരുത്. അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ അല്ലെന്ന രാഷട്രീയ വിമർശനം ഉയർത്തിയതിന് രണ്ടു മാസം മുൻപായിരുന്നു വർത്തമാനകാലത്തെ അസഹിഷ്ണുതയ്ക്കെതിരെ അദ്ദേഹം തുറന്നടിച്ചത്.

തൃശൂരിൽ തെക്കേമഠത്തിന്റെ ശങ്കരപത്മം പുരസ്‌കാരം കഴിഞ്ഞ നവംബറിൽ ഏറ്റുവാങ്ങുമ്പോഴായിരുന്നു ശാരീരിക അവശതകളുണ്ടെങ്കിലും കടുത്ത വാക്കുകളിൽ അദ്ദേഹത്തിന്റെ സ്വരമുയർന്നത്. ' ആവിഷ്‌കാരസ്വാതന്ത്ര്യം അപകടത്തിലാണ്. ഭരണത്തിന്റെ ശക്തിയോടെ, പിന്തുണയോടെ എതിർപ്പിന്റെ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നത് നാസി കാലഘട്ടത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ജർമ്മനിയിലുണ്ടായ സ്ഥിതി ഇന്ത്യയിൽ ഉണ്ടാകാൻ പാടില്ല. വരും എന്ന് ഞാൻ കരുതുന്നില്ല. പ്രതിരോധിക്കാൻ ശക്തിയുള്ളവർ ഇവിടെയുണ്ട്. വെല്ലുവിളികളെ എഴുത്തുകാരൻ നേരിടണം. അതയാളുടെ ബാദ്ധ്യതയാണ്. "
കടുത്ത സ്വരത്തിൽ തന്നെ എം.ടി മുന്നറിയിപ്പ് നൽകി. തെക്കേമഠത്തിലേതായിരുന്നു എം.ടിയുടെ തൃശൂരിലെ അവസാന പൊതുപരിപാടി. തെക്കേമഠം മൂപ്പിൽ സ്വാമിയാർ വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിയാണ് അവാർഡ് സമർപ്പിച്ചത്.

ഭരണതലത്തിലും സർഗധനൻ

സാഹിത്യ അക്കാഡമി പ്രസിഡന്റാകുന്നതിനു മുൻപേ തൃശൂരിനെ അദ്ദേഹം നെഞ്ചോടു ചേർത്തിരുന്നു. നിളയോരവും ചെറുതുരുത്തിയും തൃശൂർ നഗരവും അവിടത്തെ പുസ്തക പ്രസിദ്ധീകരണ കേന്ദ്രങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഇഷ്ടയിടങ്ങളായിരുന്നു. സാഹിത്യഅക്കാഡമിയെ ആധുനിക കാലത്തേക്ക് നയിച്ച പ്രസിഡന്റായിരുന്നു എം.ടി. 'നമ്മുടെ സമൂഹം, നമ്മുടെ സാഹിത്യം"എന്ന ബൃഹദ് ഗ്രന്ഥം അക്കാഡമി പുറത്തിറക്കാൻ തീരുമാനിച്ചതും അക്കാലത്താണ്. രാജ്യത്തെ ഏറ്റവും മികച്ച എഴുത്തുകാരെല്ലാം അക്കാലത്ത് തൃശൂരിലെത്തി. അക്കാഡമിയുടെ ഭൗതികസാഹചര്യങ്ങളും മെച്ചപ്പെടുത്തി.