photo-

ചെറുതുരുത്തി : നിത്യവിസ്മയമായ നിള എം.ടിക്ക് സമ്മാനിച്ചത് അവാച്യമായ ഒരു അനുഭൂതി. എം.ടി അത് ആവോളം നുകർന്നു. അക്ഷരങ്ങളിലേക്ക് അത് ആവാഹിച്ചു, കഥകളിലൂടെ, അഭ്രപാളിയിലൂടെ... ചെറുതുരുത്തി റസ്റ്റ് ഹൗസ് എം.ടി ഹരിഹരൻ ടീമിന്റെ സ്വന്തമായിരുന്ന ഒരു കാലമുണ്ടായിരുന്നു. നിരവധി ചലച്ചിത്രങ്ങൾ, ലേഖനങ്ങൾ, ചെറുകഥകൾ... റെസ്റ്റ് ഹൗസ് ചുമരുകൾക്ക് പറയാനുണ്ടായിരുന്നത് അദ്ദേഹം അദ്ദേഹത്തിന്റെ തൂലികയിലേക്ക് പകർത്തി. എന്നും എം.ടിയുടെ ഇഷ്ട ഇടങ്ങളിലൊന്നായിരുന്നു ചെറുതുരുത്തി റസ്റ്റ് ഹൗസ്. തൊട്ടടുത്തുള്ള ഭാരതപ്പുഴ, വള്ളുവനാടൻ ഗ്രാമ്യ ഭംഗി ഇവയെല്ലാം വെള്ളിത്തിരയിലെത്തിയ എല്ലാ ചലച്ചിത്രങ്ങളുടെയും എഴുത്തുപുരയായിരുന്നു ചെറുതുരുത്തി റസ്റ്റ് ഹൗസ്. നിർമ്മാല്യം, പരിണയം പോലെ നിരവധി ചിത്രങ്ങൾ ഇവിടെ പിറന്നു. ചെറുതുരുത്തി റസ്റ്റ് ഹൗസിലെ അന്നത്തെ കെയർടേക്കറായിരുന്ന അന്തരിച്ച മുഹമ്മദും എം.ടിയുടെ വരികൾക്ക് പ്രചോദനമായെന്നു പറയാം. മുഹമ്മദിന്റെ ഭക്ഷണത്തിന്റെ രുചികളെക്കുറിച്ച് എം.ടി പലപ്പോഴും വാചാലനായി. എം.ടിയുടെ ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കി നൽകുന്നതിന് മുഹമ്മദ് പ്രത്യേകം താല്പര്യവും കാണിച്ചു. എം.ടി വരുന്നുണ്ടെന്ന് അറിഞ്ഞാൽ എം.ടിയെയും കാത്ത് റസ്റ്റ് ഹൗസ് ഉമ്മറപ്പടികളിൽ ഇരിക്കുന്ന പതിവുണ്ടായിരുന്നു മുഹമ്മദിന്. മലയാള സിനിമയെ വള്ളുവനാടൻ ഭൂമികയിലേക്ക് പറിച്ചുനട്ടത് എം.ടിയായിരുന്നുവെന്ന് നിസംശയം പറയാം.