p

തൃശൂർ: മുന്നൂറ് കോടിയുടെ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിൽ എണ്ണായിരത്തോളം നിക്ഷേപകർക്ക് കൊടുക്കാനുള്ളത് 250 കോടിയോളം രൂപ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), ക്രൈംബ്രാഞ്ച് എന്നിവയുടെ അന്വേഷണം തുടരുകയാണ്. അടുത്തിടെയും ഇ.ഡി ബാങ്കിൽ നിന്ന് രേഖകൾ പിടിച്ചെടുത്തിരുന്നു. ഇ.ഡി കണ്ടുകെട്ടിയ 108 കോടിയുടെ വസ്തുവകകൾ നിക്ഷേപകർക്ക് തിരികെ നൽകാൻ ഉപയോഗിക്കണമെന്ന് ഇ.ഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള നടപടിക്രമം തുടരുന്നതായാണ് വിവരം. അതേസമയം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ ചിലതിൽ കുറ്റപത്രം സമർപ്പിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിനായി മേലധികാരികളുടെ അനുമതി തേടിയിട്ടുണ്ട്.
പ്രതികളുടെ വാഹനങ്ങൾ ഉൾപ്പെടെ ഏതാനും വസ്തുവകകൾ ക്രൈംബ്രാഞ്ച് ജപ്തി ചെയ്തിരുന്നു. സഹകരണ വകുപ്പ് സ്വീകരിച്ച ജപ്തി നടപടി പ്രതികളിൽ ചിലർ സ്റ്റേ വാങ്ങിയതിനെ തുടർന്ന് നിറുത്തി. റെയ്ഡിൽ ഇ.ഡി പിടിച്ചെടുത്ത രേഖകൾ തിരികെ ലഭിക്കാത്തതിനാൽ കുടിശ്ശിക തീർത്തവർക്കും അവ നൽകാനാകുന്നില്ലെന്ന് ബാങ്കും ക്രൈംബ്രാഞ്ചും പരാതിപ്പെട്ടിരുന്നു. തുടർന്ന് അവ തിരികെ നൽകാൻ കോടതി ഇ.ഡിയോട് നിർദ്ദേശിച്ചതനുസരിച്ച് നൽകി. ക്രൈംബ്രാഞ്ച് പിടിച്ചെടുത്ത 33 രേഖകൾ അവർക്ക് തിരികെ കിട്ടി.

നിക്ഷേപം നൽകുന്നതിൽ കാലതാമസം

അതേസമയം കുടിശ്ശിക പിരിച്ചെടുത്തും നിക്ഷേപം സമാഹരിച്ചും നിക്ഷേപകർക്ക് പണം നൽകാനുള്ള ശ്രമമാണ് നടത്തുന്നത്. 384 കോടിയോളം കുടിശ്ശികയിൽ നിന്ന് നൂറ് കോടിയോളം പിരിച്ചെടുത്തെന്നാണ് വിവരം. കഴിഞ്ഞ മാർച്ചിൽ മാത്രം 10 കോടിയും ഒറ്റത്തവണ തീർപ്പാക്കലിലൂടെ ഒമ്പത് കോടിയിലധികവും സമാഹരിച്ചു. നിക്ഷേപ സമാഹരണ യജ്ഞത്തിലൂടെയും മറ്റും 1.34 കോടിയിലധികം സ്ഥിരനിക്ഷേപം സമാഹരിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചുമതലയേറ്റ ശേഷം നിക്ഷേപകർക്ക് 116 കോടിയിലധികം തിരികെ നൽകി.
9000ൽ അധികംപേർ 198 കോടിയിലധികം തുകയുടെ സ്ഥിരനിക്ഷേപം പുതുക്കി. രണ്ടായിരത്തോളം പേർക്ക് പുതിയ വായ്പയായി എട്ടര കോടിയിലധികം അനുവദിച്ചു. നിക്ഷേപം ഘട്ടങ്ങളായും പലിശ ത്രൈമാസികമായും നൽകുന്നുണ്ടെങ്കിലും അത്യാവശ്യത്തിന് കിട്ടാത്ത സ്ഥിതിയുണ്ടെന്ന് ആക്ഷേപമുണ്ട്.