ചെറുതുരുത്തി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തിൽ ചെറുതുരുത്തി കഥകളി സ്‌കൂൾ നേത്യത്വം നൽകുന്ന ദേശീയ കഥകളി ഉത്സവം ഇന്നും നാളെയും നടക്കും. ഇന്ന് രാവിലെ 10നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ഗോപിയാണ് വിശിഷ്ഠാതിഥി. ഈ വർഷത്തെ കളിയച്ചൻ പുരസ്‌കാരം കഥകളി ആചാര്യൻ കലാമണ്ഡലം എം.പി.എസ്. നമ്പൂതിരിക്കും നവജീവൻ പുരസ്‌കാരം മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം.പി. സുരേന്ദ്രനും സമ്മാനിക്കും. ചുട്ടി കലാകാരി കലാമണ്ഡലം ബാർബറ വിജയകുമാർ, കഥകളി വേഷം കലാകാരൻ കലാമണ്ഡലം കേശവൻ നമ്പൂതിരി എന്നിവർക്ക് ഗുരുപൂജ പുരസ്‌കാരം നൽകും. തുടർന്ന് കലാമണ്ഡലം ബാലസുബ്രമണ്യന്റെ രാവണോത്ഭവം ചൊല്ലിയാട്ടം. വിദ്യാർഥികളുടെ അരങ്ങേറ്റ പരിപാടിയുടെ കളിവിളക്ക് കെ. രാധാകൃഷ്ണൻ എം.പി തെളിക്കും. വൈകുന്നേരം കഥകളി സ്‌കൂൾ കഥകളി അഭ്യസിച്ച പെൺകുട്ടികളുടെ അരങ്ങേറ്റം, കർണാടകസംഗീതം, ചെണ്ട വിഭാഗങ്ങളുടെ അരങ്ങേറ്റം എന്നിവ ഉണ്ടായിരിക്കും. തുടർന്നു നളചരിതം രണ്ടാം ദിവസം. ദുര്യോധനവധം കഥകളി. 28 ന് സമാപന സമ്മേളനം യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കലാമണ്ഡലം ക്ഷേമാവതിയാണ് വിശിഷ്ഠാതിഥി. തുടർന്ന് നൂറോളം വിദ്യാർഥിനികൾ പങ്കെടുക്കുന്ന മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പിടി എന്നിവ നടക്കും. കലാമണ്ഡലം നിള ക്യാമ്പസിൽ നടന്ന വാർത്ത സമ്മേളനത്തിൽ കഥകളി സ്‌കൂൾ ഡയറക്ടർ കലാമണ്ഡലം ഗോപാലകൃഷ്ണൻ, കൃഷ്ണകുമാർ പൊതുവാൾ, പി.ജി. രതീഷ് രവി കല്ലഴി എന്നിവർ പങ്കെടുത്തു.