c

ചേർപ്പ് : വായനശാലകൾ ഗ്രാമീണതയുടെ തണൽമരങ്ങളാണെന്നും അവയെ നിലനിറുത്തണമെന്നുമുള്ള മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ വാക്കുകൾ ഇന്നും ഓർക്കുകയാണ് ചേർപ്പ് യൂണിയൻ പബ്ലിക് ലൈബ്രറി അംഗങ്ങൾ. 2000 ഡിസംബറിൽ യൂണിയൻ പബ്ലിക് ലൈബ്രറിയുടെ സപ്തതി ആഘോഷ പരിപാടികളുടെ ഉദ്ഘാടന വേളയിലായിരുന്നു എം.ടി. വാസുദേവൻ നായർ അത് പറഞ്ഞത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സപ്തതി ആഘോഷങ്ങൾക്ക് എം.ടി തിരിതെളിച്ചത് വായനശാല പ്രേമികളുടെ മനസിൽ ഇന്നും ഒളിമങ്ങാതെ കിടക്കുന്നു. എഴുപത് വർഷം പിന്നിട്ട ചേർപ്പ് ഗ്രാമത്തിന്റെ നാഢീഞെരമ്പായ വായനശാലയ്ക്ക് തുടക്കം കുറിച്ചവരെ കൃതജ്ഞതയോടെ സ്മരിക്കണമെന്ന് അതിഥികൾ കുറിക്കുന്ന ലൈബ്രറിയിലെ പുസ്തകത്താളുകളിൽ എം.ടി എഴുതി കൈയൊപ്പ് ചാർത്തി. മേളപ്രമാണി പിന്നീട് അന്തരിച്ച ചക്കംകുളം അപ്പുമാരാർ, പെരുവനം കുട്ടൻ മാരാർ, പ്രിയനന്ദനൻ, അഷ്ടമൂർത്തി, കവി രാവുണ്ണി, അശോകൻ ചരുവിൽ, കെ.പി. രാജേന്ദ്രൻ തുടങ്ങിയവരും എം.ടിക്കൊപ്പം വേദിയിലുണ്ടായിരുന്നു. വായനക്കരുടെ എണ്ണക്കുറവ് മൂലം നിർജ്ജീവാവസ്ഥയിൽ കിടക്കുന്ന യൂണിയൻ പബ്ലിക്ക് ലൈബ്രറി കെട്ടിടത്തിന്റെ ചുമരിൽ സപ്തതി ആഘോഷ പരിപാടികളുടെ ഭാഗമായി സ്ഥാപിച്ച എം.ടിയുടെ പേരടങ്ങിയ ഫലകം ഇപ്പോഴുമുണ്ട്.

സംസ്‌കാരിക ഘോഷയാത്രയിൽ പങ്കെടുത്ത എം.ടി ലൈബ്രറിയുടെ ആദരമേറ്റുവാങ്ങിയാണ് അന്ന് മടങ്ങിയത്.
- രവി ചേർപ്പ്
(യൂണിയൻ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ്)