
ഇരിങ്ങാലക്കുട: ക്രിസ്മസ് ദിനത്തിൽ നഗരസഭാ കൗൺസിലറെ റോഡിൽ ചീത്ത വിളിച്ച സംഭവത്തിൽ സ്വകാര്യ ബസ് തടഞ്ഞ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചോടെയാണ് സംഭവം. മാപ്രാണം സെന്ററിൽ റോഡ് നിർമ്മാണം നടക്കുന്ന സ്ഥലത്തേക്ക് ഇരുചക്ര വാഹനത്തിൽ വരികയായിരുന്ന ഇരിങ്ങാലക്കുട നഗരസഭ 37-ാം വാർഡ് കൗൺസിലർ സി.എം. സാനിയെ എതിർദിശയിൽ വന്നിരുന്ന മിഷാൽ എന്ന പേരിലുള്ള ബസ് മുന്നിൽ ചവിട്ടി നിറുത്തി തുടർച്ചയായി ഹോൺ മുഴക്കി ചീത്ത വിളിക്കുകയായിരുന്നുവെന്ന് കൗൺസിലർ പറയുന്നു. തുടർന്ന് കൗൺസിലറും മകനും സുഹൃത്തും ഇരിങ്ങാലക്കുട ഠാണാവിൽ വച്ച് ബസ് തടഞ്ഞ് നിറുത്തി ചീത്ത വിളിച്ചത് ചോദ്യം ചെയ്തു. എന്നാൽ അത്തരത്തിൽ ചീത്ത വിളിച്ചിട്ടില്ലെന്നും പരാതി ഉണ്ടെങ്കിൽ സ്റ്റേഷനിൽ അറിയിക്കാനുമായിരുന്നു ബസ് ജീവനക്കാരുടെ നിലപാട്. തുടർന്ന് കൗൺസിലർ ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ബസ് തടഞ്ഞ് നിറുത്തി ട്രിപ്പ് തടസ്സപ്പെടുത്തിയന്ന് കാട്ടി ബസ് ജീവനക്കാരും പൊലീസിൽ പരാതി നൽകി.