തൃശൂർ: സംസ്ഥാനത്ത് മരണാനന്തര അവയവദാനം കുറയുമ്പോൾ ജീവിച്ചിരിക്കുന്നവരുടേതിൽ വർദ്ധന. 2015ൽ 713 ആയിരുന്നത് ഇക്കൊല്ലം സെപ്തംബർ വരെ 1,114ആയി വർദ്ധിച്ചു. ഡിസംബറോടെ ജീവിച്ചിരിക്കുന്നവരുടെ അവയവദാനം 2015ലേതിന്റെ ഇരട്ടിയായേക്കും. മരണാനന്തര അവയവദാനം 2015ൽ 76 ആയിരുന്നു. ഇക്കൊല്ലമത് പത്താണ്. 12 വർഷത്തിനിടെ മരണാനന്തര അവയവദാനം 377 ആണ്.

ജീവിതശൈലീ മാറ്റത്തെ തുടർന്ന് കിഡ്‌നി,കരൾ രോഗങ്ങൾ ഉൾപ്പെടെ വർദ്ധിക്കുകയാണ്. രോഗികളുടെ ജീവൻ രക്ഷിക്കാൻ രക്തബന്ധത്തിൽപ്പെട്ടവർ അവയവദാനത്തിന് സന്നദ്ധരാകുന്നുണ്ട്. അവയവദാനത്തിൽ സ്ത്രീകളും സ്വീകരിക്കുന്നവരിൽ പുരുഷന്മാരുമാണ് മുമ്പിൽ. കിഡ്‌നി,കരൾ രോഗം ബാധിക്കുന്നവരിൽ 55-60% പുരുഷന്മാരാണ്. സ്ത്രീകൾ 40-45%. കുടുംബവരുമാനം പുരുഷനെ ആശ്രയിച്ചാകുമ്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ ഭാര്യമാർ അവയവദാനത്തിന് തയ്യാറാകുന്നു. രോഗികളായ കുട്ടികൾക്ക് അവയവം നൽകുന്നതിലും അമ്മമാരാണ് മുന്നിൽ. കിഡ്‌നിയും കരളും നൽകുന്നവരിൽ 64 ശതമാനത്തോളം സ്ത്രീകളെന്നാണ് സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷന്റെ (കെ സോട്ടോ) കണക്ക്.

അതേസമയം,ജീവിച്ചിരിക്കുന്നവരുടെ അവയവദാനം വർദ്ധിക്കുന്നതിന് പിന്നിൽ കൃതിമ രേഖയുണ്ടാക്കിയുള്ള അവയവ കച്ചവടമാണോയെന്ന സംശയവുമുണ്ട്. ഇത്തരത്തിൽ ഇറാനിലേക്കുള്ള മനുഷ്യക്കടത്ത് വാർത്തയായിരുന്നു. ഇത് പരിശോധിക്കാൻ ജില്ലാ-സംസ്ഥാന കമ്മിറ്റിയും നിലവിലുണ്ട്.

ദാതാക്കളിൽ

78% സ്ത്രീകൾ

ഇന്ത്യൻ സൊസൈറ്റി ഒഫ് ഓർഗൻ ട്രാൻസ്‌പ്ലാന്റേഷൻ പഠനത്തിൽ 2013നും 2019നുമിടയിൽ ഇന്ത്യയിൽ തത്സമയ അവയവ ദാതാക്കളിൽ 78 ശതമാനം സ്ത്രീകളാണ്. സ്വീകർത്താക്കളിൽ അവർ 19 ശതമാനമാണ്. മൃതശരീര ദാതാക്കളിൽ കൂടുതലും പുരുഷന്മാരാണ്. രാജ്യത്തെ മൊത്തം അവയവദാനത്തിന്റെ 93 ശതമാനവും തത്സമയ ദാതാക്കളാണ്.

അവയവദാന കണക്ക്

(വർഷം,എണ്ണം)

2015......................................713
2016......................................818
2017......................................848
2018......................................899
2019......................................927
2020......................................738
2021......................................1,096
2022......................................1,389
2023......................................1,360
2024......................................1,114(സെപ്തംബർ വരെ)