റോഡ് മുറിച്ച് കടക്കാൻ പെടാപ്പാട് , അപകടങ്ങളും വർദ്ധിക്കുന്നു

വടക്കാഞ്ചേരി: ഓട്ടുപാറ-വടക്കാഞ്ചേരി റോഡിൽ ഒരു കിലോ മീറ്റർ ദൂരം സീബ്രാ ലൈനുകൾ മായുന്നു. ഇതോടെ പ്രദേശത്ത് റോഡ് മുറിച്ച് കടക്കാൻ ജനങ്ങൾ പെടാപ്പാട്‌പെടുകയാണ്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് ജനങ്ങൾ റോഡ് മുറിച്ചുകടക്കുന്നത്. ഇവിടെ അപകടങ്ങളും വർദ്ധിക്കുന്നുണ്ട്. റോഡിന്റെ അതിർത്തി അടയാളപ്പെടുത്തുന്ന വെള്ള വരകളും ഇല്ലാതായി. സംസ്ഥാന പാതയിൽ പരുത്തിപ്ര വളവു മുതൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തിനിടയിൽ ഈ മാസം നടന്നത് 12 ഓളം വാഹനാപകടങ്ങളാണ്. വൃദ്ധൻ ബസിടിച്ച് മരിച്ചത് നഗരമദ്ധ്യത്തിലാണ്. വാഹന ഡ്രൈവർമാർക്ക് സീബ്ര ലൈനുകൾ കാണാൻ കഴിയുന്നില്ലെന്നും റോഡ് മുറിച്ച് കടക്കുന്നവർക്ക് ഇത് ഭീഷണിയാവുന്നുണ്ടെന്നും നാട്ടുകാർ പറയുന്നു.


മാഞ്ഞുപോയ സീബ്രാ ലൈനുകളും വെള്ള വരകളും പുന:സ്ഥാപിക്കണം. സ്വകാര്യ ബസു കളുടെയും അമിതഭാരവുമായി എത്തുന്ന ലോറികളുടേയും വേഗത നിയന്ത്രിക്കണം. ജനങ്ങളെ ദുരന്തത്തിലേക്ക് തള്ളി വിടരുത്.
പി.എൻ. വൈശാഖ് (നഗരസഭ കൗൺസിലർ )