
തൃശൂർ: സംഭരണ വിലയടക്കം കൃത്യമായി ലഭിക്കാതെ നട്ടംതിരിയുന്ന കർഷകർക്ക് കേന്ദ്രസർക്കാർ തറവില വർദ്ധിപ്പിക്കുമ്പോൾ സംസ്ഥാന സർക്കാർ നൽകിയിരുന്ന പ്രോത്സാഹന തുക നൽകുന്നില്ല. നെൽവിലയിൽ കർഷകർക്ക് നഷ്ടം കിലോവിന് 3.60 രൂപ. 2020-21 കാലഘട്ടത്തിൽ 8 രൂപ 80 പൈസ കിലോവിന് ലഭിച്ചിരുന്നെങ്കിൽ 2024-25 ആയപ്പോൾ ലഭിക്കുന്നത് 5.20 പൈസ മാത്രമാണ്. കേന്ദ്രസർക്കാർ തറവില വർദ്ധിപ്പിക്കുമ്പോൾ നാലു വർഷത്തിലേറെയായി പ്രൊത്സാഹനതുക വർദ്ധിപ്പിക്കാതിരിക്കുകയാണ്. പലപ്പോഴും നെല്ലിന്റെ സംഭരണ തുക ഒരു വർഷം കഴിഞ്ഞാണ് കൊടുത്തു തീർക്കാറുള്ളത്.
കോൾ കർഷക സംഘം പ്രക്ഷോഭത്തിലേക്ക്
കോൾ കർഷകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോൾ കർഷക സംഘം 31ന് രാവിലെ 10ന് കളക്ടേറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ, ജനറൽ സെക്രട്ടറി കെ.കെ.കൊച്ചു മഹമ്മദ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നെല്ലിന്റെ സംഭരണ തറവിലയിൽ വെട്ടികുറച്ച പ്രോത്സാഹന തുടക പുനഃസ്ഥാപിക്കുക, രാസവളത്തിന്റെയും കീടനാശിനികളുടെയും വിലവർദ്ധനവ് തടയുക, ഏനാമാവ്, ഇടിയഞ്ചിറ റെഗുലേറ്റർ അറ്റകുറ്റപ്പണികൾ നടത്തി യന്ത്രവത്ക്കരിക്കുക, കൃഷിനാശം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകുക, കുമ്മായം സബ്‌സിഡി നിരക്കിൽ നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വാർത്താസമ്മേളനത്തിൽ കെ.കെ.രാജേന്ദ്രബാബു, എൻ.എസ്.അയൂബ് എന്നിവരും പങ്കെടുത്തു.
പ്രാത്സാഹന തുക നൽകിയിരുന്നത്
2020-21 8.80 രൂപ
2021-22 8.60
2022-23 7.80
2023-24 6.37
2024-25 5.20
നിലവിൽ നെല്ലിന്റെ തറവില (കേന്ദ്രം) 23 രൂപ
സംസ്ഥാന വിഹിതം 5.20 രൂപ
ആകെ 28.20